'എന്റെ നേരെ പെല്ലെറ്റ് ഗണ്‍ ചൂണ്ടിയിരുന്നു, പിന്നോട്ട് തിരിഞ്ഞപ്പോള്‍ അവര്‍ വെടിയുതിര്‍ത്തു': പൊലീസ് അതിക്രമത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍
India
'എന്റെ നേരെ പെല്ലെറ്റ് ഗണ്‍ ചൂണ്ടിയിരുന്നു, പിന്നോട്ട് തിരിഞ്ഞപ്പോള്‍ അവര്‍ വെടിയുതിര്‍ത്തു': പൊലീസ് അതിക്രമത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍
റെന്വര്‍ പി
Wednesday, 5th August 2026, 8:18 pm

ന്യൂദല്‍ഹി: കഴിഞ്ഞ മാസം 20ന് ദല്‍ഹി ജന്തര്‍ മന്ദറിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേര്‍ക്ക് ദല്‍ഹി പൊലീസും റാപിഡ് ആക്ഷന്‍ ഫോഴ്‌സും (ആര്‍.എ.എഫ്) നടത്തിയ അതിക്രമങ്ങളുടെ ഭീകരത വെളിപ്പെടുത്തി ആക്രമണത്തിനിരയായി വിദ്യാര്‍ത്ഥിനി. ഝാര്‍ഘണ്ഡില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനി നൂതന്‍ ടോപ്പോയാണ് തനിക്കെതിരെയുണ്ടായ പെല്ലറ്റ് ഗണ്‍ ആക്രമണത്തെക്കുറിച്ച് പറയുന്നത്. ദല്‍ഹിയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും പ്രതിഷേധത്തില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നൂതന്‍.

പെല്ലെറ്റ് ഗണ്‍ ഉപയോഗിക്കുന്നത് താന്‍ നേരിട്ട് കണ്ടെന്നും തനിക്ക് അതില്‍ നിന്ന് വെടിയേറ്റെന്നും നൂതന്‍ വെളിപ്പെടുത്തി. ‘ഞാന്‍ എന്റെ സ്വന്തം കണ്ണുകൊണ്ട് പെല്ലറ്റ് ഗണ്‍ കണ്ടു. അത് ഞങ്ങളുടെ നേരെ ചൂണ്ടിയിരുന്നു. ഞാന്‍ തിരിഞ്ഞ ഉടനെ എനിക്ക് പിന്നില്‍ നിന്ന് വെടിയേറ്റു,’ നൂതന്‍ പറഞ്ഞു.

‘അത് ഒരു തോക്കാണെന്ന് എനിക്ക് ഉറപ്പായി മനസ്സിലാക്കാന്‍ പറ്റിയിരുന്നു. ഒരു തോക്ക്. അതില്‍ പെല്ലറ്റ് ഉണ്ടായിരുന്നു. എനിക്ക് അറിയാവുന്നത് അത്രയേയുള്ളൂ.’ അവര്‍ പറഞ്ഞു. അനീതിക്കെതിരെ ശബ്ദമുയര്‍ത്താനുള്ള എല്ലാ അവസരങ്ങളിലും തങ്ങള്‍ തീര്‍ച്ചയായും ശബ്ദമുയര്‍ത്തുമെന്നും നൂതന്‍ പറഞ്ഞു.

പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി അവകാശപ്പെടുമ്പോഴാണ് നൂതന്‍ തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.

ജന്തര്‍ മന്തറില്‍ അന്ന് വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി നിന്നിരുന്നില്ലെങ്കില്‍ അത് ജനാധിപത്യത്തിന്റെ അവസാന ദിനമാവുമായിരുന്നെന്ന് നാഗ്പൂര്‍ സ്വദേശിയായ ഭാരത് ബാന്‍ പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടതിനാലായിരുന്നു തങ്ങള്‍ ആക്രമിക്കപ്പെട്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അമിത് ഷായുടെ രാജിയായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കില്‍ അവര്‍ ഞങ്ങള്‍ക്കെതിരെ വെടിവെക്കുകയും ജന്തര്‍ മന്തറിനെ ഒരു യുദ്ധ മേഖലയാക്കി മാറ്റുകയും ചെയ്യുമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങള്‍ സഹിച്ച കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അങ്ങനെയാണ് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രക്തസ്രാവമുണ്ടായിരുന്ന നിരവധി വിദ്യാര്‍ത്ഥികളെ ആംബുലന്‍സുകളില്‍ കയറ്റാന്‍ താന്‍ വ്യക്തിപരമായി സഹായിച്ചെന്നും ഭാരത് അഭിപ്രായപ്പെട്ടു. ‘അവര്‍ക്ക് രക്തസ്രാവമുണ്ടായിരുന്നു, തലയ്ക്ക് പരിക്കേറ്റവരും കാലുകള്‍ ഒടിഞ്ഞവരുമുണ്ടായിരുന്നു. അത്തരം സംഭവങ്ങള്‍ ഞങ്ങള്‍ മുമ്പ് കണ്ടിട്ടില്ല,’ ഭാരത് പറഞ്ഞു.

‘എന്റെ ജീവിതത്തില്‍ ഇതുപോലൊരു ദിവസം ഞാന്‍ മുമ്പ് കണ്ടിട്ടില്ല, അത് എനിക്ക് ഒരു ‘കറുത്ത ദിനം’ ആയിരുന്നു – ആരും ഒരിക്കലും അനുഭവിക്കാന്‍ പാടില്ലാത്ത ഒരു ദിവസം. അതുകൊണ്ടാണ് എല്ലാവരും ഒറ്റക്കെട്ടായി നിന്നത്. എന്നെ തല്ലിച്ചതച്ചപ്പോള്‍, ആളുകള്‍ അത് കണ്ട് ഓടിയെത്തി. ആ ദിവസം നമ്മള്‍ ജന്തര്‍ മന്തറില്‍ ഉറച്ചുനിന്നില്ലെങ്കില്‍, അത് നമ്മുടെ ജനാധിപത്യത്തിന്റെ അവസാന ദിവസമാകുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു,’ ഭാരത് പറഞ്ഞു.

Content Highlight: Press Meet With Rahul Gandhi: Protesters Noothan Thappa and Bharath Talking about Pellet gun Usage and Other Police violence against Jantar mantar Protest

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.