തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലൂടെ ശ്രദ്ധേയ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന നടിയാണ് പ്രീതി മുകുന്ദൻ. ‘ഓം ഭീം ബുഷ്’, ‘സ്റ്റാർ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം, മലയാളത്തിൽ ‘മേനേ പ്യാർ കിയ’യിലൂടെ അരങ്ങേറ്റം കുറിക്കുകയും പിന്നീട് ‘സർവം മായ’യിൽ ശ്രദ്ധേയ വേഷത്തിലെത്തുകയും ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ബ്ലാസ്റ്റി’ലും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച പ്രീതി, പ്രണയത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ്. 60 മിനിറ്റ്സ് വിത്ത് സുധിർ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ വിശ്വസിക്കുന്നത്, നമ്മൾ ഒരാളെ അവർ അറിയാതെ പ്രണയിക്കുന്നുണ്ടെങ്കിൽ അതിനെ ഒരു അൺകണ്ടീഷണൽ ലവ് ആയി കാണാമെന്നാണ്. കാരണം നമ്മൾ അവരുടെ അടുത്ത് നിന്ന് ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. നമ്മുടെ ആവശ്യങ്ങളെല്ലാം അവർ സാധിച്ചുതരണം എന്ന് ആലോചിക്കുന്നില്ല. അവിടെ അവരുമായി നമ്മൾ ഒരു റിലേഷൻഷിപ്പിലല്ല. നമ്മൾ അവരെ സ്നേഹിക്കുന്നു എന്നതിനപ്പുറം അവരിൽ നിന്ന് ഒന്നും നേടാനില്ല. അവിടെ നമ്മളും നമ്മുടെ ഹൃദയവും ഫീലിങ്സും മാത്രമാണ് ഉള്ളത്.
ഐ കെയർ ഫോർ യു- അവർ ആരുടെ കൂടെയായാലും സന്തോഷമായും നന്നായി ഇരിക്കണം എന്നതാണ് ആ സ്നേഹം. ഇന്നത്തെ കാലത്ത് ഒരുപാട് ആളുകൾക്ക് അത് മനസിലാകുന്നില്ല . അവർ എനിക്ക് വേണ്ടി എന്ത് ചെയ്തു എന്നതിലാണ് ശ്രദ്ധ. ഗേൾഫ്രണ്ടായാലും, ബോയ്‌ഫ്രണ്ടായാലും എപ്പോഴും ഐഡിയൽ പാർട്ണർ ആയിരിക്കണം എന്നാണ് എല്ലാവരും ചിന്തിക്കുന്നത്.
എനിക്ക് തോന്നുന്നത്, ഒരു ബോയ്‌ഫ്രണ്ട്, ഗേൾഫ്രണ്ട്, ഭാര്യ അല്ലെങ്കിൽ ഭർത്താവ് എങ്ങനെയായിരിക്കണം എന്ന തരത്തിലുള്ള കണ്ടീഷനിങ് ഉള്ള ബന്ധങ്ങളിൽ യഥാർഥ കണക്ഷൻ ഉണ്ടാകില്ല എന്നതാണ്. കാരണം അവിടെ ആ ബന്ധങ്ങളിലെ ഹോണസ്റ്റ് പാർട്ട് നഷ്ടമാവുകയാണ്. പരെന്റ്സ് കുട്ടികൾക്ക് സ്നേഹം പഠിപ്പിച്ചുകൊടുക്കുമ്പോൾ, എന്താണ് യഥാർഥ സ്നേഹം എന്നും പഠിപ്പിച്ചുകൊടുക്കണം.
എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഒരു ഗ്രീൻ ഫ്ലാഗ് എന്ന് പറയുന്നത് എമ്പതറ്റിക് പേഴ്സൺ ആണ്. സ്വയം കെയർ ചെയ്യുന്ന പോലെ മറ്റൊരാളെയും കെയർ ചെയ്യാൻ കഴിയുന്ന ഒരാൾ. അതായത്, സ്വന്തമായും മറ്റൊരാളോടും എമ്പതറ്റിക് ആയിരിക്കാൻ അറിയുന്ന ഒരാളായിരിക്കണം. പിന്നെ, നമ്മൾ നമ്മളെ തന്നെ സ്നേഹിക്കാൻ പഠിക്കണം അതൊരു ഡിഫറന്റ് ജേർണി ആണ്,’ പ്രീതി മുകുന്ദൻ പറഞ്ഞു.