റോഡുകളില്‍ നിസ്‌ക്കരിക്കാന്‍ അനുവദിക്കില്ല; വീടുകളില്‍ സ്ഥലമില്ലെങ്കില്‍ ജനസംഖ്യ നിയന്ത്രിക്കണം: യോഗി ആദിത്യനാഥ്
India
റോഡുകളില്‍ നിസ്‌ക്കരിക്കാന്‍ അനുവദിക്കില്ല; വീടുകളില്‍ സ്ഥലമില്ലെങ്കില്‍ ജനസംഖ്യ നിയന്ത്രിക്കണം: യോഗി ആദിത്യനാഥ്
നിഷാന. വി.വി
Tuesday, 19th May 2026, 7:12 am

ലഖ്‌നൗ: പൊതുനിരത്തുകളില്‍ നിസ്‌ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡുകള്‍ സഞ്ചാരത്തിനും ദൈനംദിന യാത്രയ്ക്കുമുള്ളതാണെന്നും പൊതു ഇടങ്ങള്‍ തടസപ്പെടുന്ന ഒത്തുചേരലുകള്‍ക്ക് ഉപയോഗിക്കരുതെന്നും യോഗി പറഞ്ഞു.

അഥവാ നിസ്‌ക്കരിക്കണമെങ്കില്‍ അത് ഷിഫ്റ്റായി നടത്തണമെന്നും ഈ നിര്‍ദേശം മുസ്‌ലിം സമുദായത്തിന് സമ്മതിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ സര്‍ക്കാര്‍ മറ്റ് വഴികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സ്‌നേഹത്തോടെ പറഞ്ഞാല്‍ കേള്‍ക്കണം അല്ലെങ്കില്‍ ഞാന്‍ മറ്റ് വഴികള്‍ സ്വീകരിക്കുമെന്നും യോഗി പറഞ്ഞു. ബക്രീദ് വരാനിരിക്കെയാണ് ലഖ്‌നൗവില്‍ നടന്ന പരിപാടിയിലുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം.

‘നിങ്ങള്‍ക്ക് വീടുകളില്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ഇടമില്ലെങ്കില്‍ ജനസംഖ്യ നിയന്ത്രിക്കുക. അനാവശ്യമായി ജനസംഖ്യ കൂട്ടുകയാേെണാ?,’ യോഗി ചോദിച്ചു.

ആരും നിയമത്തിന് അതീതരല്ലെന്നും യു.പി സര്‍ക്കാര്‍ ആര്‍ക്കും പ്രത്യേക പദവി നല്‍കുന്നില്ലെന്നും പൊതു സ്ഥലത്ത് നിസ്‌ക്കരിച്ച് ഗതാഗതം തടസപ്പെടുത്താന്‍ ഒരു മുസ്‌ലിമിനെന്താണ് അവകാശമെന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് മതധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു. ബക്രീദുമായി ബന്ധപ്പെട്ട് മറ്റുപല നിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ചിരുന്നു.

ബക്രീദ് പ്രമാണിച്ചുള്ള മൃഗബലി മുന്‍കൂട്ടി നിശ്ചയിച്ചതും അനുവദിക്കപ്പെട്ടതുമായ സ്ഥലങ്ങളില്‍ മാത്രമേ നടത്താവൂവെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലോ റോഡുകളിലോ ഇത് പാടില്ലെന്നും നിയമപരമായി നിരോധിക്കപ്പെട്ട മൃഗങ്ങളെ ബലി നല്‍കരുതെന്നും ജില്ലാ ഭരണകൂടങ്ങള്‍ക്കും പൊലീസിനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്

പൊതു സ്ഥലത്തെ നിസ്‌ക്കാരം നിരോധിച്ച് കൊണ്ടുള്ള നടപടിയെ സ്വാഗതം ചെയ്ത്‌കൊണ്ട് വി.എച്ച്.പി രംഗത്തെത്തി. ഇതിലൂടെ ശക്തമായ സന്ദേശമാണ് യോഗി നല്‍കിയതെന്ന് ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു.

ഒരു പ്രത്യേക സമൂഹത്തിന്റെ ശക്തി പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗമായി റോഡുകളിലെ പ്രാര്‍ത്ഥനകള്‍ മാറിയിരിക്കുന്നുവെന്നും ഈ വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Prayers will not be allowed on roads; population should be controlled if there is no space in homes: Yogi Adityanath

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.