[]ചെന്നൈ: കൂടംകുളം സമരസമിതി നേതാവ് എസ്.പി ഉദയ്കുമാറിന് ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണം. ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷനാണ് ഉദയ്കുമാറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.

കൂടംകുളം ഇടിന്തികരിയിലുള്ള സമരസമിതി വേദി പ്രശാന്ത് ഭൂഷന്‍ ഞായറാഴ്ച സന്ദര്‍ശിച്ചിരുന്നു.  ഈ സന്ദര്‍ഭത്തിലാണ് ഉദയകുമാറിനെ പ്രശാന്ത് ഭൂഷണ്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.

2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മത്സരിക്കാനും ഉദയകുമാറിനോട് പ്രശാന്ത് ഭൂഷണ്‍ അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും എഎപി സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് ഉദയ് കുമാറിനോട് പ്രശാന്ത് ഭൂഷണ്‍ അഭ്യര്‍ഥിച്ചിത്.

ആണവോര്‍ജ്ജത്തിനെ എതിര്‍ക്കുന്നവരുടെ കൂട്ടത്തിലാണ് പാര്‍ട്ടിയെന്നും അത് കൊണ്ട് തന്നെ നിലയത്തിനെതിരെ സമരം ചെയ്യുന്നവരോടൊപ്പം ആം ആദ്മി പാര്‍ട്ടിയുണ്ടാവുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.