രണ്ട് വാക്ക് പറയാമോ എന്ന് ചോദ്യം, കൃത്യം രണ്ടുവാക്കില്‍ മറുപടി നല്‍കി പ്രണവ്; ഇനി ഹിമാലയത്തില്‍ നോക്കിയാല്‍ മതിയെന്ന് ട്രോളന്മാര്‍
Malayalam Cinema
രണ്ട് വാക്ക് പറയാമോ എന്ന് ചോദ്യം, കൃത്യം രണ്ടുവാക്കില്‍ മറുപടി നല്‍കി പ്രണവ്; ഇനി ഹിമാലയത്തില്‍ നോക്കിയാല്‍ മതിയെന്ന് ട്രോളന്മാര്‍
അമര്‍നാഥ് എം.
Friday, 7th August 2026, 6:47 pm

താരകുടുംബത്തില്‍ നിന്ന് സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. ആദ്യചിത്രമായ തുടക്കത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷത്തെ അടുത്ത സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. സിമ്പിളായിട്ടുള്ള കഥയുടെ ഗംഭീര മേക്കിങ്ങാണ് തുടക്കത്തിന്റേത്.

എറണാകുളത്ത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമാണ് വിസ്മയയും കുടുംബവും തുടക്കം കണ്ടത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ആദ്യ ഷോ കാണാന്‍ എത്തിയിരുന്നു. എന്നാല്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് വിസ്മയയുടെ സഹോദരന്‍ പ്രണവാണ്. സിനിമക്കപ്പുറം മറ്റൊരിടത്തും അധികം പ്രത്യക്ഷപ്പെടാത്ത പ്രണവ് സഹോദരിയുടെ ആദ്യ സിനിമ കാണാന്‍ എത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം പ്രണവിന്റെ പിന്നാലെ കൂടിയ ഒരു ഓണ്‍ലൈന്‍ ചാനല്‍ താരത്തോട് രണ്ട് വാക്ക് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ‘പ്രണവ് ബ്രോ ഹാപ്പി ആണോ പടം കണ്ടിട്ട്, രണ്ട് വാക്ക് പറയാമോ’ എന്ന ചോദ്യത്തിന് ‘വെരി ഹാപ്പി’ എന്ന് മാത്രമായിരുന്നു പ്രണവിന്റെ മറുപടി. ഈ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.

തുടക്കത്തിന്റെ ആദ്യ ഷോ കഴിഞ്ഞ് വിസ്മയക്കൊപ്പം പ്രണവ് നടന്നുവരുന്ന വീഡിയോയും സിനിമാപേജുകളില്‍ ചര്‍ച്ചയായി. ഒരു സിനിമ ചെയ്തിട്ട് ഹിമാലയത്തിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തോ ടൂര്‍ പോകുന്ന പ്രണവ് അനിയത്തിയുടെ ആദ്യ സിനിമ കാണാന്‍ വന്നതിനെ പലരും പ്രശംസിക്കുകയാണ്. ഇരുവരും തമ്മിലുള്ള ബോണ്ടിനെയാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ ചിലര്‍ പ്രണവിനെ ട്രോളുന്നുമുണ്ട്. ഇനി നേരെ ഹിമാലയത്തിലേക്കാകുമെന്നും അടുത്ത സിനിമിയില്‍ മാത്രമേ ഇനി കാണാനാകുള്ളൂവെന്നുമാണ് ചിലരുടെ കമന്റുകള്‍. വിസ്മയയുടെ ആദ്യ സിനിമയില്‍ മോഹന്‍ലാലിനെപ്പോലെ പ്രണവിന്റെ കാമിയോ കൂടി ഉണ്ടായിരുന്നെങ്കില്‍ ഗംഭീരാമായേനെയന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം വിസ്മയക്കൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയുടെ പ്രകടനത്തെയും പലരും പ്രശംസിക്കുന്നുണ്ട്. എമ്പുരാനില്‍ ഒരൊറ്റ ഷോട്ടില്‍ മാത്രം പ്രത്യക്ഷപ്പെട്ട ആശിഷ് തുടക്കത്തില്‍ ഞെട്ടിച്ചെന്നാണ് പ്രേക്ഷക പ്രതികരണം. അധികം ഡയലോഗുകളില്ലാത്ത, ക്രൂരനായ വില്ലന്‍ റോള്‍ ആശിഷില്‍ ഭദ്രമായിരുന്നു.

Content Highlight: Pranav Mohanlal’s reply to online media viral after Thudakkam movie first show

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം