[share]

[] ബംഗലുരു: ബംഗലുരു  സൗത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി എച്ച്.എന്‍. അനന്തകുമാറിനെതിരെ ആരോപണങ്ങണുന്നയിച്ച് ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക് രംഗത്തെത്തി. 18 അഴിമതി ആരോപണങ്ങളാണ് മുത്തലിക് തന്റെ പുസ്തകത്തിലൂടെ ഉന്നയിക്കുന്നത്.

മുതിര്‍ന്ന ബി.ജെ.പി നേതാവായ അടല്‍ ബിഹാരി വാജ്‌പേയിയുടെ സര്‍ക്കാറില്‍ വ്യോമയാനമന്ത്രിയായിരിക്കെ 14,000 കോടിയുടെ ഹഡ്‌കോ അഴിമതിയില്‍ അനന്തകുമാറിന് പങ്കുണ്ടെന്നും 2 ജി സ്‌പെക്ട്രം അഴിമതിക്കേസിലെ പ്രതി നീരാ റാഡിയയുമായി അനന്തകുമാര്‍ അടുപ്പം പുലര്‍ത്തിയിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. നീര റാഡിയയുമായുള്ള ബന്ധം അനന്തകുമാറിന്റെ വിവാഹജീവിതത്തെ വരെ പ്രതിസന്ധിയിലാക്കിയെന്നും മുത്തലിക് തന്റെ പുസ്തകത്തില്‍ പറയുന്നു.

കഴിഞ്ഞമാസം 10ന് മുത്തലിക്കിന് ബി.ജെ.പിയില്‍ അംഗത്വം നല്‍കിയിരുന്നെങ്കിലും കേന്ദ്രനേതൃത്വം ഇടപെട്ട് മണിക്കൂറുകള്‍ക്കകം തന്നെ അംഗത്വം ഒഴിവാക്കിയിരുന്നു. ഇതിന് കാരണം അനന്തകുമാറാണെന്നാണ് മുത്തലികിന്റെ ആരോപിച്ചത്. ഇതേ തുടര്‍ന്ന അനന്തകുമാറിനെതിരെ ബംഗലുരു സൗത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാവുകയും ചെയ്തു.

മുത്തലികിന്റെ ആരോപണങ്ങള്‍ക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. മുത്തലികിന്റെത് വ്യക്തിവിദ്വേഷവും തെറ്റായതുമായ പ്രചാരണമാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നാണ്  ബി.ജെ.പി ആവശ്യപ്പെട്ടത്.