ബെംഗളൂരു: കര്‍ണാടകയിലെ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണത്തിന്റെ (എസ്.ഐ.ആര്‍) മറവില്‍ ജനങ്ങളുടെ വോട്ടുകള്‍ വെട്ടുന്നതിനെതിരെ നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജിന്റെ നേതൃത്വത്തില്‍ പത്ത് ദിവസത്തെ പ്രതിരോധയാത്രയ്ക്ക് തുടക്കമായി.
സെപ്റ്റംബര്‍ 23ന് കലബുര്‍ഗിയിലെ രാംനഗര്‍ മേഖലയിലാണ് യാത്ര ആരംഭിച്ചത്. പ്രദേശത്തെ ജനങ്ങളുമായി സംസാരിച്ച പ്രകാശ് രാജ്, വോട്ടര്‍പട്ടികയില്‍ നിന്ന് അര്‍ഹരായവരുടെ പേരുകള്‍ ഒഴിവാക്കപ്പെടുന്നുവെന്ന ആശങ്ക ഉയര്‍ത്തി.
‘പശ്ചിമ ബംഗാളില്‍ വോട്ടവകാശം നഷ്ട്ടപ്പെട്ട 38 ലക്ഷം പേര്‍ കോടതികളെ സമീപിച്ചിട്ടുണ്ട്. അവരുടെ ഹരജികള്‍ കേള്‍ക്കാന്‍ ഒരു ട്രൈബ്യൂണല്‍ രൂപീകരിച്ചിട്ടുമുണ്ട്.
എല്ലാ കേസുകളും കേള്‍ക്കാന്‍ ഏകദേശം പതിനഞ്ച് വര്‍ഷമെടുക്കും. അതുവരെ ദരിദ്രരും യോഗ്യരുമായ വോട്ടര്‍മാര്‍ എന്തുചെയ്യണം? വോട്ടര്‍ ഐ.ഡി കാര്‍ഡ് ഇല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല.
സംസ്ഥാനത്തെ യോഗ്യരായ വോട്ടര്‍മാര്‍ക്ക് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് തടയാന്‍ ഞങ്ങള്‍ ഒരു പ്രത്യേക ക്യാമ്പയില്‍ നടത്തുകയാണ്,’ പ്രകാശ് രാജ് പറഞ്ഞു.
കലബുര്‍ഗി ജില്ലയില്‍ മാത്രം 5,21,950 പേരെ മരണപ്പെട്ടത്, അസാന്നിധ്യം, ഇരട്ട വോട്ട്, മറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ആയിരത്തിലധികം ജനങ്ങളുടെ വോട്ടുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരായ ജനങ്ങളാണ്.
ഇത്രയും പേര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കി പട്ടികയില്‍ തുടരാന്‍ കഴിയുമോയെന്ന് പ്രകാശ് രാജ് ചോദിച്ചു.
പ്രത്യേകിച്ച് ദരിദ്രരും നാടോടി വിഭാഗങ്ങളുമുള്‍പ്പെടെയുള്ള സാധാരണക്കാരെയാണ് നടപടികള്‍ കൂടുതല്‍ ബാധിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
എസ്.ഐ.ആര്‍ നടപടിയില്‍ തന്റെ പേരും എ.എസ്.ഡി.ഡി.ഒ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പ്രകാശ് രാജ് പറഞ്ഞു.
നിലവിലുള്ള വോട്ടറായതിനാല്‍ പുതിയ വോട്ടറായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫോം 6 സമര്‍പ്പിക്കാന്‍ താന്‍ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരേ പ്രദേശത്ത് വര്‍ഷങ്ങളായി താമസിക്കുന്ന ചിലരുടെ പേരുകള്‍ പോലും ‘സ്ഥലം മാറിയവര്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി പ്രദേശവാസികള്‍ പരാതിപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
നേരത്തെയും എസ്.ഐ.ആറിനെതിരെ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. സെപ്റ്റംബര്‍ ഒന്നിന് ബെംഗളൂരുവില്‍ നടന്ന ‘ഇലക്ഷന്‍ കമ്മീഷന്‍ ചലോ’ പ്രതിഷേധത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
പ്രതിഷേധത്തിനിടെ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ ഒഴിവാക്കിയവര്‍ക്കും അവരുടെ അര്‍ഹത തെളിയിക്കാന്‍ മതിയായ അവസരം നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
കര്‍ണാടകയിലെ വിവിധ മേഖലകളിലൂടെ പത്ത് ദിവസം നീളുന്ന യാത്രയ്ക്കുശേഷം സെപ്റ്റംബര്‍ 30ന് ബെംഗളൂരുവില്‍ റൗണ്ട് ടേബിള്‍ സമ്മേളനം നടത്താനാണ് പ്രകാശ് രാജിന്റെ തീരുമാനം.
യാത്രയ്ക്കിടെ ശേഖരിക്കുന്ന വിവരങ്ങളും രേഖകളും അന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും ഒക്ടോബര്‍ ഒന്നിന് ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പയിനില്‍ പ്രവര്‍ത്തകരായ കെ.എല്‍ അശോക്, രേണുക സിംഗെ, കെ. നീല, മീനാക്ഷി ബാലി, രേണു ശാരദാഗി, സലിം ചിറ്റപുരി തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: Prakash Raj speaks out against the SIR; 10-day ‘Resistance March’ begins.
