ജൂഹി ചൗളയും കൂടി ഉണ്ടായിരുന്നെങ്കില്‍ ഒരു റീയൂണിയനായേനെ, 26 വര്‍ഷങ്ങള്‍ക്ക് ശേഷം പേട്രിയറ്റിലൂടെ ഒന്നിക്കുന്ന താരങ്ങള്‍
Malayalam Cinema
ജൂഹി ചൗളയും കൂടി ഉണ്ടായിരുന്നെങ്കില്‍ ഒരു റീയൂണിയനായേനെ, 26 വര്‍ഷങ്ങള്‍ക്ക് ശേഷം പേട്രിയറ്റിലൂടെ ഒന്നിക്കുന്ന താരങ്ങള്‍
അമര്‍നാഥ് എം.
Thursday, 30th April 2026, 8:25 pm

സിനിമാലോകം മുഴുവന്‍ മെയ് ഒന്നിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മോളിവുഡിന്റെ ബിഗ് എംസ് ഒന്നിക്കുന്ന പേട്രിയറ്റ് ബോക്‌സ് ഓഫീസില്‍ വന്‍ മുന്നേറ്റം നടത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ പ്രേക്ഷകരുടെ ഫേവറെറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്.

മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ മലയാളത്തിന്റെ അഭിമാനതാരങ്ങളായ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിങ്ങിനെക്കുറിച്ചുള്ള പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഇതിന് മുമ്പ് ഒന്നിച്ച എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രം ഹരികൃഷ്ണന്‍സും പേട്രിയറ്റും തമ്മിലുള്ള സാമ്യതയെക്കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്.

ഹരികൃഷ്ണന്‍സില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ കുഞ്ചാക്കോ ബോബനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പേട്രിയറ്റിലും കുഞ്ചാക്കോ ബോബന്റെ സാന്നിധ്യമുണ്ട്. അത് മാത്രമല്ല, സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് മേനോനും രണ്ട് ചിത്രത്തിലും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഹരികൃഷ്ണന്‍സില്‍ ഗുപ്തന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ രാജീവ് മേനോന്‍ പേട്രിയറ്റില്‍ കേന്ദ്ര മന്ത്രിയായാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഹരികൃഷ്ണന്‍സിലെ നായികയായ ജൂഹി ചൗളയെ പേട്രിയറ്റില്‍ മിസ് ചെയ്യുന്നുണ്ടെന്നും അവരും കൂടി ഉണ്ടായിരുന്നെങ്കില്‍ ഇതൊരു റീയൂണിയനായേനെയെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ജൂഹിയുടെ ക്യാമിയോ പ്രതീക്ഷിക്കുന്നുണ്ടെന്നും പോസ്റ്റിലുണ്ട്.

 

 

ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, നെടുമുടി വേണു എന്നിവരില്‍ ആരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും അവരെയെല്ലാം മിസ് ചെയ്യുന്നുണ്ടെന്നും ഷാനു എന്ന ഐ.ഡി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. ഹരികൃഷ്ണന്‍സില്‍ ‘പൊന്നാമ്പല്‍ പുഴയിരമ്പില്‍’ എന്ന പാട്ടിന് ബിഗ് എംസ് ഡ്യൂവറ്റ് ചെയ്‌തെങ്കില്‍ പേട്രിയറ്റില്‍ ഡ്യൂവറ്റിനുള്ള അവസരം കുഞ്ചാക്കോ ബോബനാണെന്നും ഷാനു പറയുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള മാസ് മസാല സിനിമയുടെ ഫോര്‍മാറ്റല്ല പേട്രിയറ്റിനെന്ന് ടീസറും ട്രെയ്‌ലറും സൂചന നല്‍കുന്നുണ്ട്. ഡാനിയല്‍ ജെയിംസായി മമ്മൂട്ടിയും റഹീം നായിക്കായി മോഹന്‍ലാലും ഒന്നിക്കുന്ന സീനുകളാകും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.

പുറത്തുവന്ന ടീസറും ട്രെയ്‌ലറും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും അഡ്വാന്‍സ് സെയിലില്‍ വമ്പന്‍ മുന്നേറ്റമാണ് പേട്രിയറ്റ് നടത്തുന്നത്. തിങ്കളാഴ്ച ബുക്കിങ് ആരംഭിച്ച ചിത്രം ഇതിനോടകം 20 കോടിക്കുമുകളില്‍ പ്രീ സെയിലിലൂടെ നേടിക്കഴിഞ്ഞു. എല്ലാം ഒത്തുവന്നാല്‍ എമ്പുരാന് ശേഷം ഏറ്റവുമുയര്‍ന്ന ഫസ്റ്റ് ഡേ കളക്ഷന്‍ പേട്രിയറ്റിന്റെ പേരിലാകും.

Content Highlight: Post about Patriot and Harikrishnans viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം