ശത്രുവിനെ ഒളിച്ചിരുന്ന് കൊന്ന ഭീരുവാണോ റോക്കി ഭായ്? ചര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റ്
Indian Cinema
ശത്രുവിനെ ഒളിച്ചിരുന്ന് കൊന്ന ഭീരുവാണോ റോക്കി ഭായ്? ചര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റ്
അമര്‍നാഥ് എം.
Tuesday, 3rd March 2026, 12:43 pm

സമീപകാലത്ത് റിലീസായവയില്‍ ഔട്ട് ആന്‍ഡ് ഔട്ട് മാസ് സിനിമ ഏതെന്ന ചോദ്യത്തിന് പലരും നല്‍കുന്ന ഉത്തരമാണ് കെ.ജി.എഫ്. ആരും തിരിഞ്ഞുനോക്കാതിരുന്ന കന്നഡ ഇന്‍ഡസ്ട്രിക്ക് ഇന്ത്യന്‍ സിനിമയില്‍ ഒരു ഐഡന്റിറ്റി ലഭിച്ചത് കെ.ജി.എഫിന് ശേഷമായിരുന്നു. യഷ് എന്ന നടന്റെ കരിയറും കെ.ജി.എഫിന് ശേഷം മാറിമറിഞ്ഞു.

സിനിമ ആരംഭിച്ച് അവസാനിക്കുന്നതുവരെ ആരുടെ മുന്നിലും തലകുനിക്കാത്ത, ആര്‍ക്കും തോല്പിക്കാനാകാത്ത കഥാപാത്രമായാണ് പ്രശാന്ത് നീല്‍ റോക്കിയെ അവതരിപ്പിച്ചത്. റോക്കിക്ക് മുകളില്‍ നില്‍ക്കുന്ന ഒരു മാസ് കഥാപാത്രം പിന്നീട് ഇന്ത്യന്‍ സിനിമയില്‍ വന്നിട്ടില്ല. എന്നാല്‍ റോക്കി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള പോസ്റ്റാണ് വൈറലായിരിക്കുന്നത്.

മാസ് ബില്‍ഡപ്പും അതിലേറെ മാസ് ഡയലോഗുമായി കെ.ജി.എഫില്‍ കൈയടി നേടിയ റോക്കി ഭായ് ഭീരുവാണെന്ന് പറയുന്ന പോസ്റ്റാണ് വൈറലായത്. മാസിന്റെയും ധീരതയുടെയും പര്യായമായ റോക്കി കെ.ജി.എഫിന്റെ ആദ്യഭാഗത്തില്‍ കാണിച്ചത് ആ കഥാപാത്രത്തിന് ചേരാത്ത പരിപാടിയാണെന്ന് പോസ്റ്റില്‍ പറയുന്നു. ഗരുഡ എന്ന ശക്തനായ വില്ലനെ റോക്കി ഒളിഞ്ഞിരുന്ന് ആക്രമിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റിലുണ്ട്.

എന്തിന് കൊന്നു എന്നും ആര് കൊന്നു എന്നും അറിയാതെ മരിക്കേണ്ടി വന്ന ഹതഭാഗ്യനാണ് ഗരുഡയെന്നും നേര്‍ക്ക് നേര്‍ വന്നാല്‍ ഗരുഡ റോക്കിയെ കീറി വിടുമെന്നുമാണ് ഷനോജ് സൈദു പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. റോക്കിയെക്കാള്‍ മാന്യനായ കഥാപാത്രമായിരുന്നു രംഗസ്ഥലമെന്ന ചിത്രത്തിലെ ചിട്ടി ബാബുവെന്നും പോസ്റ്റിലുണ്ട്.

വില്ലനെ കൊല്ലാന്‍ വേണ്ടി വന്നപ്പോള്‍ അയാള്‍ക്ക് ആക്‌സിഡന്റായത് കണ്ട ചിട്ടി ബാബു വില്ലനെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയെന്ന് ഷനോജ് പറയുന്നു. അയാളെ നല്ല രീതിയില്‍ ശുശ്രൂഷിച്ച് സുഖപ്പെടുത്തിയ ചിട്ടി ബാബു വില്ലനെ പൂര്‍ണ ആരോഗ്യവാനാക്കിയെന്നും പോസ്റ്റില്‍ പറയുന്നു. എന്തിന് കൊന്നു, ആര് കൊന്നു എന്ന് പറഞ്ഞ ശേഷം മാന്യമായാണ് വില്ലനെ കൊന്നതെന്നും ചിട്ടി ബാബുവാണ് യഥാര്‍ത്ഥ ധീര ധീര എന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

എന്നാല്‍ പോസ്റ്റിന് മറുപടിയായി നിരവധി കമന്റുകളുണ്ട്. ഗരുഡയെ തീര്‍ത്തത് റോക്കിക്ക് ലഭിച്ച ക്വട്ടേഷന്‍ കാരണമാണെന്നും രംഗസ്ഥലത്തിലേത് പ്രതികാരമായിരുന്നെന്നുമാണ് കമന്റ്. ഗരുഡയുടെ ചെറിയച്ചനെ ഇടിച്ച് പഞ്ചറാക്കിയ റോക്കിക്ക് ഗരുഡ ഒരു ഇരയേ അല്ലെന്നും കമന്റുകളുണ്ട്. രംഗസ്ഥലത്തിന്റെ ക്ലൈമാക്‌സ് കണ്ട് ഞെട്ടിയിട്ടുണ്ടെന്നും ഗംഭീര സിനിമയാണതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Post about KGF movie and Yash’s character viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം