ലോകം കീഴടക്കാന്‍ റൊണാള്‍ഡോ; പടക്കോപ്പും പരിവാരങ്ങളുമായി പറങ്കിപ്പട ലോകകപ്പിലേക്ക്
Football
ലോകം കീഴടക്കാന്‍ റൊണാള്‍ഡോ; പടക്കോപ്പും പരിവാരങ്ങളുമായി പറങ്കിപ്പട ലോകകപ്പിലേക്ക്
Sudev A
Tuesday, 19th May 2026, 6:45 pm

2026 ഫിഫ ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ 26 അംഗ ടീമില്‍ ഇടം നേടി. 41കാരനായ റൊണാള്‍ഡോ തന്റെ ആറാം ലോകകപ്പ് കളിക്കാനാണ് ഒരുങ്ങുന്നത്. 2006, 2010, 2014, 2018, 2022 എന്നീ ലോകകപ്പുകളില്‍ പോര്‍ച്ചുഗലിനായി കളത്തിലിറങ്ങിയ റൊണാള്‍ഡോക്ക് ഇതുവരെ ലോക കിരീടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.

നിലവില്‍ തന്റെ 41ാം വയസിലും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് റൊണാള്‍ഡോ നടത്തിക്കൊണ്ടിരിക്കുന്നത്. റൊണാള്‍ഡോ ഇതുവരെ അഞ്ച് ലോകകപ്പുകളില്‍ 22 മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകളാണ് നേടിയിട്ടുള്ളത്.

2018ലാണ് റൊണാള്‍ഡോ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്. നാല് തവണയാണ് റൊണാള്‍ഡോ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. ഈ ലോകകപ്പിലും റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ നിന്നും അത്ഭുതങ്ങള്‍ പിറക്കുമെന്നാണ് ഫുട്ബോള്‍ ലോകം ഉറച്ചുവിശ്വസിക്കുന്നത്.

റൊണാള്‍ഡോക്ക് പുറമെ ടീമില്‍ യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങളും ഇടം നേടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസ്, പി.എസ്.ജി താരം വിറ്റിന്‍ഹ, മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍ണാഡോ സില്‍വ എന്നിവരും ഇടം നേടി.

ലോകകപ്പില്‍ ഗ്രൂപ്പ് കെ.യിലാണ് പറങ്കിപ്പട ഇടം നേടിയിട്ടുള്ളത്. കൊളംബിയ, ഉസ്ബക്കിസ്ഥാന്‍, ഡി.ആര്‍. കോംഗോ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. 2022 ലോകകപ്പില്‍ പോര്‍ച്ചുഗലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മാത്രമേ എത്താന്‍ സാധിച്ചുള്ളൂ. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും വിജയിച്ച് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനവുമായാണ് പറങ്കിപ്പട റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ പ്രവേശിച്ചത്.

പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡിനെ 6-1ന് തോല്‍പ്പിച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറി. എന്നാല്‍, ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്താവുകയായിരുന്നു. ഖത്തറിന്റെ മണ്ണില്‍ വീണ കണ്ണീര്‍ 2026ല്‍ കിരീടം നേടിക്കൊണ്ട് അവസാനിപ്പിക്കാനാവും റൊണാള്‍ഡോയും സംഘവും ലക്ഷ്യം വെക്കുക.

2026 ഫിഫ ലോകകപ്പിനുള്ള പോർച്ചുഗൽ സ്‌ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍: ഡിയോഗോ കോസ്റ്റ, ജോസെ സാ, റൂയി സില്‍വ, റിക്കാര്‍ഡോ വെല്‍ഹോ.

ഡിഫന്‍ഡര്‍മാര്‍: ഡിയോഗോ ദലോട്ട്, മാത്യൂസ് നൂനസ്, നെല്‍സണ്‍ സെമെഡോ, ജോവോ കാന്‍സലോ, നൂനോ മെന്‍ഡസ്, ഗോന്‍സാലോ ഇനാസിയോ, റെനാറ്റോ വെയ്ഗ, റൂബന്‍ ഡയസ്, തോമസ് അറൗജോ.

മിഡ്ഫീല്‍ഡര്‍മാര്‍: റൂബന്‍ നെവ്‌സ്, ജോവോ നെവ്‌സ്, വിറ്റിന്‍ഹ, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാര്‍ഡോ സില്‍വ, ജാവോ ഫെലിക്‌സ്, ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോ, ഫ്രാന്‍സിസ്‌കോ കോണ്‍സെയ്സാവോ, സാമു കോസ്റ്റ.

ഫോര്‍വേഡ്സ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പെഡ്രോ നെറ്റോ, റാഫേല്‍ ലിയാവോ, ഗോന്‍സാലോ ഗുഡെസ്, ഗോന്‍സാലോ റാമോസ്.

Content Highlight: Portugal squad for 2026 FIFA World Cup announced; Cristiano Ronaldo named in squad

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.