വൈദികരുടെ ലൈംഗിക പീഡനം; 57 ഇരകള്‍ക്ക് 1.85 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പോര്‍ച്ചുഗീസ് കത്തോലിക്കാ സഭ
World
വൈദികരുടെ ലൈംഗിക പീഡനം; 57 ഇരകള്‍ക്ക് 1.85 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പോര്‍ച്ചുഗീസ് കത്തോലിക്കാ സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th March 2026, 1:13 pm

ലിസ്ബണ്‍: പോര്‍ച്ചുഗലിലെ കത്തോലിക്കാ പുരോഹിതന്മാരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കി കത്തോലിക്കാ സഭ. ആദ്യഘട്ടത്തില്‍ പീഡനത്തിനിരയായ 57 പേര്‍ക്കായി 1.6 മില്യണ്‍ യൂറോ (ഏകദേശം 1.85 മില്യണ്‍ ഡോളര്‍) വിതരണം ചെയ്യുമെന്ന് പോര്‍ച്ചുഗീസ് കത്തോലിക്കാ സഭ വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചു.

കഴിഞ്ഞ 70 വര്‍ഷത്തിനിടെ പോര്‍ച്ചുഗലില്‍ കുറഞ്ഞത് 4,815 കുട്ടികളും ദുര്‍ബലരായ മുതിര്‍ന്നവരും വൈദികരാല്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് സഭയുടെ തന്നെ ധനസഹായത്തോടെ പ്രവര്‍ത്തിച്ച കമ്മീഷന്‍ 2023 ഫെബ്രുവരിയില്‍ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സാമ്പത്തിക സഹായം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം ഇരകളോട് സഭ വീണ്ടും ക്ഷമാപണം നടത്തി. ‘സാമ്പത്തികമായ ഈ സഹായം അവര്‍ക്ക് സംഭവിച്ച ദ്രോഹത്തെയോ പീഡനത്തിന്റെ ആഘാതത്തെയോ ഇല്ലാതാക്കുന്നില്ല. എങ്കിലും ഉണ്ടായ എല്ലാ വേദനകള്‍ക്കും ഞങ്ങള്‍ ക്ഷമാപണം പുതുക്കുന്നു,’ പോര്‍ച്ചുഗീസ് ബിഷപ്പുമാരുടെ സമ്മേളനം (CEP) പ്രസ്താവനയില്‍ വ്യക്തമാക്കി.

സഭയുടെ കണക്കുകള്‍ പ്രകാരം പീഡനത്തിനിരയായവരില്‍ നിന്ന് 95 പേര്‍ മാത്രമാണ് നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ പരിശോധനകള്‍ക്ക് ശേഷം 67 പേര്‍ അര്‍ഹരാണെന്ന് കണ്ടെത്തി. ബാക്കിയുള്ള അപേക്ഷകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലോ കമ്മീഷന് മുന്നില്‍ ഹാജരാകാത്തതിനാലോ തള്ളിക്കളഞ്ഞു.

അംഗീകരിച്ച 57 അപേക്ഷകളില്‍ ഓരോ വ്യക്തിക്കും നേരിട്ട പീഡനത്തിന്റെ കാഠിന്യമുസരിച്ച് 9,000 യൂറോ മുതല്‍ 45,000 യൂറോ വരെ ലഭിച്ചിട്ടുണ്ട്. അര്‍ഹരെന്ന് കണ്ടെത്തിയ മറ്റ് 9 പേരുടെ കാര്യത്തില്‍ തുക നിശ്ചയിക്കുന്നതിനുള്ള അന്തിമ അവലോകനം നടക്കുകയാണ്.

ലിസ്ബണില്‍ നടന്ന 27ാം ലോക യുവജന ദിനാഘോഷ വേളയില്‍ കത്തോലിക്കാ പുരോഹിതന്മാര്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

കുട്ടികളെ പീഡിപ്പിക്കുന്ന വൈദികരെ അപലപിച്ചുകൊണ്ടുള്ള കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇരകള്‍ക്കുള്ള നീതി ഉറപ്പാക്കാന്‍ സഭ തയ്യാറായിരിക്കുന്നത്.

ഏഴര പതിറ്റാണ്ടോളം നീണ്ട ഈ ദുരനുഭവങ്ങളില്‍ ഏകദേശം 4,800 ലധികം കേസുകള്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടും വളരെ കുറഞ്ഞ ശതമാനം ആളുകള്‍ മാത്രമേ നിലവില്‍ സഹായത്തിനായി മുന്നോട്ടുവന്നിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്.

Content Highlight: Portugal’s Catholic Church to pay $1.85 million to 57 victims of sexual abuse