വര്‍ഷം 1980. ഡിസംബറിലെ ക്രിസ്മസ് ദിനത്തില്‍ മലയാള ചലച്ചിത്രമേഖലയിലേക്ക് മൂന്ന് പുതുമുഖങ്ങള്‍ എത്തുന്നു. ഭാഗ്യപരീക്ഷണമായി ഒരു ചിത്രത്തില്‍ തലകാണിച്ചുപോകാന്‍ അല്ല അവര്‍ മൂന്നുപേരുമെത്തിയതെന്ന് പിന്നീടുള്ള ചിത്രങ്ങളിലെ പ്രകടനങ്ങള്‍ തെളിയിച്ചു.

മലയാളികളുടെ പ്രിയതാരങ്ങളായ മോഹന്‍ലാലും, പൂര്‍ണ്ണിമ ഭാഗ്യരാജും, ശങ്കറും ആയിരുന്നു ആ താരങ്ങള്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളായിരുന്നു മൂന്നുപേരും ഒന്നിച്ച ആദ്യ ചിത്രം.

ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍വിരിഞ്ഞ പൂക്കളിലെ മൂന്ന് ചെറുപ്പക്കാരുടെയും പ്രകടനത്തിന് ഇന്ന് നാല്‍പ്പത് വയസ്സ് തികഞ്ഞിരിക്കുകയാണ്. ചിത്രം പുറത്തിറങ്ങി 40 വര്‍ഷം പിന്നിടുമ്പോള്‍ പഴയകാല ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ചിത്രത്തില്‍ നായികയായെത്തിയ പൂര്‍ണ്ണിമ.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന മനോഹര ചിത്രത്തിലൂടെ എനിക്കും ലാലിനും ശങ്കറിനും പുതുജീവിതം ലഭിച്ചിട്ട് നാല്പ്പത് വര്‍ഷം, എന്നാണ് പൂര്‍ണ്ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ പഴയകാല ചിത്രങ്ങളും പോസ്റ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

 

Content Highlights: Poornima Bhagyaraj Remembers Manjil Virinja Pookkal