munnar-strike ഇടുക്കി: വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മുന്നാറിലെ സ്ത്രീ തൊഴിലാളി സംഘടനയായ “പൊമ്പിളൈ ഒരുമൈ” മത്സരിക്കും. ദേവികുളം, മുന്നാര്‍, പള്ളിവാസല്‍, മാട്ടുപ്പെട്ടി തുടങ്ങിയ നാല് പഞ്ചായത്തുകളില്‍ മത്സരിക്കാനാണ് തീരുമാനം. പഞ്ചായത്തുകളില്‍ എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

സ്ഥാനാര്‍ത്ഥികള്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും. പരമ്പരാഗത തൊഴിലാളി ട്രേഡ് യൂണിയനുകളെ അടുപ്പിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ തീരുമാനമെടുത്ത സ്ത്രീ തൊഴിലാളികളുടെ പുതിയ പ്രഖ്യാപനം രാഷ്ട്രീയ പാര്‍ട്ടികള്‍ കനത്ത വെല്ലുവിളിയാണ്.

തോട്ടം മേഖലയിലെ അനീതികള്‍ക്കും തൊഴില്‍ ചൂഷണത്തിനുമെതിരെ തങ്ങള്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തിന് ലഭിച്ച പിന്തുണ തെരഞ്ഞെടുപ്പിലും ലഭിക്കുമെന്നാണ് തൊഴിലാളികളുടെ വിശ്വാസം.

500 രൂപ കൂലി, 20 ശതമാനം ബോണസ് എന്നീ ആവശ്യങ്ങളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് “പൊമ്പിളൈ ഒരുമൈ” പ്രവര്‍ത്തകര്‍ ഇപ്പോഴും സമരം തുടരുകയാണ്.