200ഓളം വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: പ്രതികളെ സംരക്ഷിക്കുന്ന അണ്ണാ ഡി.എം.കെയ്‌ക്കെതിരെ തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പൊലീസ് മര്‍ദ്ദനം
Women absue
200ഓളം വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: പ്രതികളെ സംരക്ഷിക്കുന്ന അണ്ണാ ഡി.എം.കെയ്‌ക്കെതിരെ തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പൊലീസ് മര്‍ദ്ദനം
ന്യൂസ് ഡെസ്‌ക്
Saturday, 16th March 2019, 10:46 am

 

തൃച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 200ഓളം വിദ്യാര്‍ഥിനികളെ 20 അംഗ സംഘം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പൊലീസ് മര്‍ദ്ദനം.

പുതുക്കോട്ടൈയിലെ വനിതകള്‍ക്കായുള്ള സര്‍ക്കാര്‍ ആര്‍ട്‌സ് കോളജിലെ വിദ്യാര്‍ഥികളെയാണ് പൊലീസ് മര്‍ദ്ദിച്ചത്. അഞ്ച് വിദ്യാര്‍ഥികളെ പൊലീസ് വാനില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു.

പ്രതിഷേധത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ വിവിധ കോളജുകളിലായുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ക്യാമ്പസിനു പുറത്തിറങ്ങി പ്രതിഷേധിച്ചത്. ചിലരെ പൊലീസ് കയ്യേറ്റം ചെയ്യുകയും അടിക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

പെണ്‍കുട്ടികളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് ചതിയില്‍ വീഴ്ത്തുന്ന 20 തോളം യുവാക്കളുടെ സംഘം കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഇരുനൂറോളം പെണ്‍കുട്ടികളെയാണ് ലൈംഗികമായി ആക്രമിച്ചത്.

Also read:200ഓളം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസ് : പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് തമിഴ്‌നാട് സര്‍ക്കാര്‍ 25ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി

പ്രതികളെ രക്ഷിക്കാന്‍ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയുടെ പ്രാദേശിക നേതാക്കള്‍ ഇടപെട്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിനെതിരെ പൊള്ളാച്ചിയില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

ചെന്നൈ, കോയമ്പത്തൂര്‍, പൊള്ളാച്ചി, തിരുപ്പൂര്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ക്ലാസുകള്‍ ബഹിഷ്‌കരിച്ചുകൊണ്ട് സര്‍ക്കാര്‍ ഇടപെടലിനെതിരെ പ്രതിഷേധിച്ചത്.

പൊള്ളാച്ചി എസ്.പിയേയും ഡെപ്യൂട്ടി എസ്.പിയേയും സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടും കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ടും പൗരാവകാശാ പ്രവര്‍ത്തകര്‍ ചെപ്പൗക്കില്‍ മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു.

ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് ചെന്നൈയിലേയും കോയമ്പത്തൂരിലേയും അഭിഭാഷകരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

പ്രതിഷേധങ്ങളെ തുടര്‍ന്ന് കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കാന്‍ തമിഴ്‌നാടിലെ യു.പി.എ സഖ്യകക്ഷികള്‍ കഴിഞ്ഞദിവസം പ്രമേയം പാസാക്കിയിരുന്നു.

അതിനിടെ, ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികളുടെ ഐഡന്റിറ്റി പുറത്താകാതെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ റിട്ട് ഹരജി നല്‍കിയിട്ടുണ്ട്. കൂടാതെ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായി ബന്ധമുണ്ടെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ വിചാരണ തമിഴ്‌നാടിനു പുറത്ത് നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ എ. രാജരാജനും ദല്‍ഹി സ്വദേശിയായ വൈ വില്യം വിനോദ് കുമാറുമാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.