pansare-01മുംബൈ: പുരോഗമന ചിന്തകനും സി.പി.ഐ നേതാവുമായിരുന്ന ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. രുദ്ര പാട്ടീല്‍ എന്നയാളെയാണ് തിരിച്ചറിഞ്ഞത്. മഹാരാഷ്ട്ര പോലീസും കര്‍ണാടക പോലീസും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി.

സനാതന്‍ സന്‍സ്ത എന്ന വലതുപക്ഷ സംഘടനയിലെ അംഗമാണ് രുദ്രപാട്ടീല്‍. 2009ലെ ഗോവ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് എന്‍.ഐ.എ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചയാളാണ് ഇയാള്‍. അതേസമയം പ്രൊഫ. എം.എം കല്‍ബുര്‍ഗി വധക്കേസും പന്‍സാരെ വധക്കേസും ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കര്‍ണാടക പോലീസും രുദ്രപാട്ടീലിനു വേണ്ടിയുള്ള അന്വേഷണത്തില്‍ പങ്കാളികളായത്.

പന്‍സാരെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച്ച സനാതന്‍ സന്‍സ്തയുടെ തന്നെ പ്രവര്‍ത്തകനായ സമീര്‍ ഗെയ്ക്വാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസത്തിന് ശേഷം നാല് പേര്‍ കൂടി ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.

പന്‍സാരെയ്ക്കും കല്‍ബുര്‍ഗിക്കും പിന്നാലെ  നിരവധി എഴുത്തുകാര്‍ക്കും പുരോഗമന വാദികള്‍ക്കുനേരെയും വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.