ജയ്പൂര്‍: കര്‍ഷക പ്രക്ഷോഭം ഭയന്ന് രാജസ്ഥാനില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. കിസാന്‍സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ അമ്രാറാം ഉള്‍പ്പെടെ 250ലേറെ പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു.
വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ഭരണത്തില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനിരിക്കെയാണ് പൊലീസ് നടപടി. പേമ റാം, ഹെത്രാം ബെനിവാള്‍, കിഷന്‍ പരീക് തുടങ്ങിയ നേതാക്കളും അറസ്റ്റിലായി. കൂടുതല്‍ സമരക്കാരെ ഇപ്പോഴും പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ സെപ്തംബറില്‍ നിരവധി കര്‍ഷക ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ കിസാന്‍സഭ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. അന്ന് കര്‍ഷകര്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നെല്ലാം പിന്തിരിയുകയാണ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച സംസ്ഥാന വ്യാപകമായി ജയ്പൂരിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് കിസാന്‍ സഭ ആഹ്വാനം നല്‍കിയിരുന്നു.
ജനരോഷം ഭയക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ ഭയമാണ് പൊലീസ് നടപടിക്ക് പിന്നിലെന്ന് കിസാന്‍ സഭ പറഞ്ഞു.നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും സമരം ശക്തമായി തുടരുമെന്നും കിസാന്‍ സഭ അറിയിച്ചു. പൊലീസ് അതിക്രമത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.ഐ.എമ്മും കിസാന്‍ സഭയും പ്രതിഷേധം സംഘടിപ്പിച്ചു.
