വിദ്വേഷ പരാമര്‍ശം നടത്തിയ സംഘപരിവാര്‍ പ്രചാരകന്‍ മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
Kerala
വിദ്വേഷ പരാമര്‍ശം നടത്തിയ സംഘപരിവാര്‍ പ്രചാരകന്‍ മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
റെന്വര്‍ പി
Sunday, 9th August 2026, 7:16 pm

കൊച്ചി: മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹി ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സംഘപരിവാര്‍ പ്രചാരകനും യൂട്യൂബറുമായ ടി.ജി. മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് എത്തുകയും തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കെതിരായ മോഹന്‍ദാസിന്റെ വിദ്വേഷ പരാമര്‍ശങ്ങളില്‍ പരാതി ലഭിച്ച് 11 ദിവസത്തിന് ശേഷമാണ് അയാളുടെ വീട്ടില്‍ പൊലീസ് എത്തുന്നത്. പത്രിക എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇയാളുടെ വിദ്വേഷ പരാമര്‍ശങ്ങള്‍.

മോഹന്‍ദാസിന്റെ മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് ഇന്ന് പൊലീസ് എത്തിയത്. എ.ഐ.വൈ.എഫ് നേതാവായ ടി.ടി. ജിസ്‌മോന്റെ പരാതിയിലാണ് പൊലീസ് നടപടി. ജിസ്‌മോന് പുറമെ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍കിഫിലും ഈ വിഷയത്തില്‍ മോഹന്‍ദാസിനെതിരെ പരാതി നല്‍കിയിരുന്നു.

തിരുവനന്തപുരത്തുനിന്നുള്ള സൈബര്‍ പൊലീസ് സംഘം അടക്കമുള്ളവരാണ് മട്ടാഞ്ചേരിയില്‍ മോഹന്‍ദാസിന്റെ വീട്ടിലെത്തിയത്. പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്യുകയും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തതായി മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മോഹന്‍ദാസിനെ വൈദ്യ പരിശോധന നടത്തിയ ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്ന് മലയാളം ടി.വി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാളെ (ഓഗസ്റ്റ് 10, തിങ്കള്‍) ഇയാളെ കോടതിയില്‍ ഹാജരാക്കും.

ജൂലൈ 26നായിരുന്നു പത്രിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും മോഹന്‍ദാസിന്റെ വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ വീഡിയോ പ്രസിദ്ധീകരിച്ചത്. ജൂലൈ 27നായിരുന്നു ഈ വിഷയത്തില്‍ ജിസ്‌മോനും എസ്.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

താനായിരുന്നു ഭരിക്കുന്നതെങ്കില്‍ ജന്തര്‍ മന്ദറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും പിരിഞ്ഞ് പോകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് വെടിവെപ്പ് നടത്തുകയും ചെയ്യുമായിരുന്നുവെന്നായിരുന്നു വീഡിയോയില്‍ മോഹന്‍ദാസ് നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളിലൊന്ന്. വെടിവെപ്പില്‍ കുറേ പേര്‍ മരണപ്പെടുമായിരുന്നെന്നും അവരുടെ ശവങ്ങള്‍ പെറുക്കിയെടുത്ത് ആശുപത്രിയില്‍ എത്തിക്കുമായിരുന്നെന്നും മോഹന്‍ദാസ് വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു.

പ്രതിഷേധത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് ഇഷ്ടപ്പെടുന്നവരാണെന്ന വിദ്വേഷ പരാമര്‍ശവും വീഡിയോയില്‍ മോഹന്‍ദാസ് നടത്തിയിരുന്നു. ‘വോക്ക് തലയില്‍ കയറിയാല്‍ പിന്നെ അറുതല തുള്ളുന്ന പോലെയാണ്. പിന്നെ എന്തും ചെയ്യും. എന്ത് ഹീനകൃത്യം ചെയ്യും. ഇവരെ ആത്മഹത്യ ചെയ്യിക്കാന്‍ വളരെ എളുപ്പമാണ്,’ എന്ന പരാമര്‍ശവും മോഹന്‍ദാസ് നടത്തിയിരുന്നു.

മോഹന്‍ദാസിനെതിരെ പരാതി ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനും സംസ്ഥാന സര്‍ക്കാരിനും എതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. ടി.ജി മോഹന്‍ദാസിന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോകള്‍ ഇതുവരെ യൂട്യൂബില്‍ നിന്നോ സമൂഹ മാധ്യമങ്ങളില്‍ നിന്നോ നീക്കം ചെയ്തിട്ടില്ല. ഇതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഒരാളെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിമോ എന്നും കേസിന്റെ സ്വാഭാവം നോക്കണ്ടേയെന്നായിരുന്നു ഈ വിമര്‍ശനങ്ങളോട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. ‘മോഹന്‍ ദാസിന്റെ പേരില്‍ കേസെടുത്തല്ലോ. അന്വേഷണം നടക്കുകയാണ്. ചില കേസുക്കള്‍ക്ക് അതിന്റെ സ്വഭാവം അനുസരിച്ചല്ലാതെ മറ്റ് നടപടിയെടുക്കാന്‍ കഴിയുമോ? നമ്മള്‍ ഒരാളെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാല്‍ നമുക്ക് അറസ്റ്റ് ചെയ്യാന്‍ കഴിയുമോ,’ എന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

കേസിന്റെ രീതിയും സ്വാഭാവും നോക്കിയാലാണ് പൊലീസിന് നടപടിയെടുക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കാരണം പൊലീസിന്റെ എല്ലാ നടപടികളും ജുഡീഷ്യല്‍ സ്‌ക്ര്യൂട്ടിനിക്ക് വിധേയമാണെന്നും എന്തെങ്കിലും തെറ്റ് വന്നാല്‍ ആളുകള്‍ കോടതിയിലേക്ക് പോവുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

പൊലീസുദ്യോഗസ്ഥനെ വെല്ലുവിളിച്ചെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടും മോഹന്‍ദാസിനെതിരെ നടപടിയൊന്നുമുണ്ടാവുന്നില്ലെന്ന് സമൂഹ മാധ്യമങ്ങളില്‍ സമീപ ദിവസങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസെത്തുന്നതും അയാളെ കസ്റ്റഡിയിലെടുക്കുന്നതും.

Content Highlight: Police At TG Mohan Das’s House On Case Against Hate Comments

 

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.