പി.എം. ശ്രീ: സംഘപരിവാറിന് മുമ്പില്‍ സര്‍ക്കാര്‍ ഓച്ഛാനിച്ചുനില്‍ക്കുന്നു; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്
Kerala News
പി.എം. ശ്രീ: സംഘപരിവാറിന് മുമ്പില്‍ സര്‍ക്കാര്‍ ഓച്ഛാനിച്ചുനില്‍ക്കുന്നു; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്
ആദർശ് എം.കെ.
Friday, 31st July 2026, 7:10 pm

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ സംഘപരിവാറിന്റെ കാവിവത്കരണ അജണ്ടകള്‍ക്ക് മുന്നില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഓച്ഛാനിച്ചു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

പി.എം ശ്രീ കേരളത്തില്‍ നടപ്പാക്കാനുള്ള യു.ഡി.എഫ് മുന്നണി യോഗത്തിന്റെ തീരുമാനം സംഘപരിവാറിന്റെ കാവിവത്കരണ അജണ്ടകള്‍ക്ക് മുന്നിലുള്ള വിധേയത്വവും മതേതര കേരളത്തോടുള്ള കടുത്ത വഞ്ചനയുമാണെന്നും
ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വിമര്‍ശിച്ചു.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ സ്വീകരിച്ച നിലപാടുകളെല്ലാം കാറ്റില്‍പ്പറത്തിയാണ് യു.ഡി.എഫ് ഇപ്പോള്‍ ഈ തീരുമാനമെടുത്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമപരമായ ബാധ്യതകള്‍ ഒന്നുമില്ലാതിരുന്നിട്ടും പദ്ധതി നടപ്പാക്കാന്‍ യു.ഡി.എഫ് അമിതാവേശം കാണിക്കുന്നത് സംഘപരിവാറിനെ പ്രീതിപ്പെടുത്താന്‍ മാത്രമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.

പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം വസ്തുതാവിരുദ്ധമാണെന്ന് പാര്‍ലമെന്റിലെ ഏറ്റവും പുതിയ രേഖകള്‍ തെളിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

പി.എം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിന്മാറാമെന്നും, അങ്ങനെ ചെയ്താല്‍ ആ പദ്ധതിയുടെ വിഹിതം മാത്രമാണ് നഷ്ടപ്പെടുകയെന്നും മുസ്‌ലിം ലീഗ് എം.പി പി.വി. അബ്ദുള്‍ വഹാബിന്റെ രാജ്യസഭാ ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്.

കാണ്‍ഗ്രസ് എം.പി ജെബി മേത്തറിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍, പി.എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കുകയോ അതിനായി ഒരു രൂപ പോലും കേന്ദ്രത്തില്‍ നിന്ന് കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷക്കാലം എല്‍.ഡി.എഫ് സര്‍ക്കാര്‍ ആര്‍.എസ്.എസിന്റെ വര്‍ഗീയ സിലബസിന് മുന്നില്‍ മുട്ടുമടക്കാതെ കാത്തുസൂക്ഷിച്ച കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ യു.ഡി.എഫ് ഇപ്പോള്‍ ഒറ്റുകൊടുക്കുകയാണെന്നും, യു.ഡി.എഫിന്റെ ഈ വഞ്ചനാപരമായ നിലപാടിനെ തുറന്നുകാട്ടാന്‍ കേരളീയ പൊതുസമൂഹം മുന്നോട്ടുവരണമെന്നും പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സംഘപരിവാറിന്റെ കാവിവത്കരണ അജണ്ടകള്‍ക്ക് മുന്നില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന കാഴ്ചയാണ് യു.ഡി.എഫ് മുന്നണി യോഗത്തിലുണ്ടായത്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ പറഞ്ഞ നിലപാടുകളെല്ലാം കാറ്റില്‍പ്പറത്തി, പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യു.ഡി.എഫ് തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള കടുത്ത വഞ്ചനയാണ്.

പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം വസ്തുതകള്‍ക്കു നിരക്കാത്തതാണെന്ന് ഏറ്റവും പുതിയ പാര്‍ലമെന്റ് രേഖകള്‍ തന്നെ തെളിയിക്കുന്നു. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിന്മാറാമെന്നും അതിലൂടെ ആ പദ്ധതിയുടെ വിഹിതം മാത്രമാണ് നഷ്ടപ്പെടുകയെന്നും മുസ്‌ലിം ലീഗ് എം.പി പി.വി. അബ്ദുള്‍ വഹാബിന്റെ രാജ്യസഭാ ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ട്. രാജ്യസഭയിലെ കോണ്‍ഗ്രസ്സ് എം.പി ജെബി മേത്തറിന്റെ മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിലാണ് പി.എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കുകയോ അതിനായി ഒരു രൂപ പോലും കേന്ദ്രത്തില്‍ നിന്ന് കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

നിയമപരമായ യാതൊരു നിര്‍ബന്ധവുമില്ലാതിരുന്നിട്ടും പി.എം ശ്രീ നടപ്പാക്കാന്‍ യു.ഡി.എഫ് കാണിക്കുന്ന അമിതാവേശം സംഘപരിവാറിനെ പ്രീതിപ്പെടുത്താന്‍ മാത്രമാണ്.

കഴിഞ്ഞ പത്തുവര്‍ഷക്കാലം എല്‍.ഡി.എഫ് സര്‍ക്കാര്‍ ആര്‍.എസ്.എസിന്റെ വര്‍ഗീയ സിലബസിന് മുന്നില്‍ മുട്ടുമടക്കാതെ കാത്തുസൂക്ഷിച്ച കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ യു.ഡി.എഫ് ഇപ്പോള്‍ ഒറ്റുകൊടുക്കുകയാണ്. ഈ വഞ്ചനാപരമായ നിലപാടിനെ തുറന്നുകാട്ടാന്‍ കേരളീയ പൊതുസമൂഹം മുന്നോട്ടുവരണം.

 

Content Highlight: PM SHRI: Government kowtows to the Sangh Parivar; Leader of the Pinarayi Vijayan lashes out.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.