ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ഉറപ്പ് നല്‍കുന്നു; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി
Kerala
ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ഉറപ്പ് നല്‍കുന്നു; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി
നിഷാന. വി.വി
Monday, 18th May 2026, 1:52 pm

തിരുവനന്തപുരം: ഇരുപത്തി നാലാമത് കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി സതീശന് അഭിനനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളെന്നും അദ്ദേഹത്തിന്റെ ഭരണകാാലയളവിന് എല്ലാ ആശംസകളും നേരുന്നുവെന്നും മോദി പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രി അഭിന്ദനമറിയിച്ചത്.

‘ കേരള മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന്‍ ജീക്ക് അഭിനന്ദനങ്ങള്‍, അദ്ദേഹത്തിന്റെ കാലാവധിക്ക് എന്റെ ആശംസകള്‍ നേരുന്നു. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് പുതുതായി രൂപീകരിച്ച കേരളാ മുഖ്യമന്ത്രിക്ക് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നു, പ്രധാനമന്ത്രി പറഞ്ഞു. മലയാളത്തിലും ഇംഗ്ലീഷിലുമായിരുന്നു പ്രധാനമന്ത്രിയുടെ കുറിപ്പ്.

ഒരു പതിറ്റാണ്ടിന് ശേഷമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. തിരുവന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 20 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാാചകം ചൊല്ലിക്കൊടുത്തു. വന്ദേഭാരതം ആലപിച്ച ശേഷം ദേശീയ ഗാനത്തോടെയാണ് ചടങ്ങ് അവസാനിപ്പിച്ചത്.

മുഖ്യമന്ത്രിക്ക് പിന്നാലെ ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടിയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രമേശ് ചെന്നിത്തല മൂന്നാമതായി അധികാരമേറ്റു. ആഭ്യന്തര വകുപ്പാണ് ചെന്നിത്തലക്ക്. മൂന്നാം തവണയാണ് അദ്ദേഹം മന്ത്രിയാവുന്നത്. ആറ് തവണ എം.എല്‍.എയും നാല് തവണ ലോക്‌സഭാംഗവും ആയിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫാണ് നാലാമതായി സത്യപ്രതിജ്ഞ ചെയ്തത്. പേരാവൂരില്‍ നിന്നുള്ള എം.എല്‍.എ ആയ സണ്ണി ജോസഫിന് റവന്യൂ വകുപ്പാണ് ലഭിക്കുക.

കെ. മുരളീധരന്‍ ആരോഗ്യം, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി സ്ഥാനമേറ്റു. വട്ടിയൂര്‍ക്കാവ് എം.എല്‍.എയായ അദ്ദേഹം രണ്ടാം തവണയാണ് മന്ത്രിയാവുന്നത്. കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫാണ് മുരളീധരന് പിറകെ സത്യപ്രതിജ്ഞ ചെയ്തത്. ജല വിഭവ വകുപ്പാണ് മോന്‍സ് ജോസഫിന്.

പിന്നീട് ഷിബു ബേബി ജോണാണ് സത്യപ്രതിജ്ഞ ചെയതത്. തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവ് അനൂപ് ജേക്കബ്, സി.എം.പി നേതാവ് സി.പി ജോണ്‍ എന്നിവരാണ് സ്ഥാനമേറ്റത്. ആദ്യമായാണ് സി.പി. ജോണ്‍ നിയമസഭയിലെത്തുന്നത്.

വണ്ടൂര്‍ എം.എല്‍.എ എ.പി. അനില്‍ കുമാര്‍, മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദ്ദീന്‍, കുണ്ടറ എം.എല്‍.എ പി.സി വിഷ്ണുനാഥ് എന്നിവര്‍ തുടര്‍ന്ന് സത്യ പ്രതിജ്ഞ ചെയ്തു. അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍, കൊല്ലം എം.എല്‍.എ ബിന്ദു കൃഷ്ണ, കായംകുളം എം.എല്‍.എ എം.ലിജു എന്നിവര്‍ തുടര്‍ന്ന് സ്ഥാനമേറ്റു. വേങ്ങര എം.എല്‍.എ കെ.എം. ഷാജി, ഏറനാട് എം.എല്‍.എ പി.കെ ബഷീര്‍, കളമശ്ശേരിയില്‍ നിന്ന് സഭയിലെത്തിയ വി.ഇ അബ്ദുല്‍ ഗഫൂര്‍, കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖ്, കോങ്ങാട് നിന്നുള്ള നിയമസഭാംഗം കെ.എ തുളസി, കൊടുങ്ങല്ലൂര്‍ എം.എല്‍.എ ഒ.ജെ. ജനീഷ് എന്നിവരും തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Content Highlight: PM congratulates Kerala’s new Chief Minister, assures Central Government’s support in fulfilling people’s aspirations

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.