ന്യൂദല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഈ സാഹചര്യത്തില്‍ ടീം ഇന്ത്യയെന്ന നിലയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും വെല്ലുവിളികളെ ഇതിലൂടെ വിജയകരമായി മറികടക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ്-19 മഹാമാരി കാലത്ത് ദൈനംദിന ജീവിതത്തില്‍ വന്ന തടസങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചാണ് പ്രവര്‍ത്തിച്ചതെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
യോഗത്തില്‍ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ക്ക് പുറമെ ഊര്‍ജ വിതരണ ശൃംഖലകള്‍, ഊര്‍ജ സുരക്ഷ, അവശ്യവസ്തുക്കളുടെ വിതരണം എന്നിവയെ സംബന്ധിച്ചും ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍.
പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍# വിലയിരുത്താനും അതിനോട് പൊരുത്തപ്പെടാനും സമയവും കൂടുതല്‍ തന്ത്രങ്ങളും നിരീക്ഷണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക, വ്യാപാര സ്ഥിരതയും ഊര്‍ജ സുരക്ഷയും പൗരന്മാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. സംസ്ഥാനതലത്തിലാണ് നടപടികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംയുക്തമായി തീരുമാനമെടുക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നിരന്തരമായ ആശയവിനിമയവും ഏകോപനവും നടക്കണമെന്നും മോദി ആഹ്വാനം ചെയ്തു.
പൊതുജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്താതിരിക്കാന്‍ തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കേരള, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കായി പ്രത്യേക യോഗം വിളിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Content Highlight: ‘We must work together as Team India’; PM calls meeting of Chief Ministers on West Asian conflict