പി.കെ. ശശി കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് വിശദീകരണം
Kerala
പി.കെ. ശശി കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് വിശദീകരണം
അനിത സി
Thursday, 19th February 2026, 1:23 pm

പാലക്കാട്: ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ സി.പി.ഐ.എം മുന്‍ എം.എല്‍.എ പി.കെ ശശി കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്കും ടൂറിസം സെക്രട്ടറിക്കും കൈമാറി.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പി.കെ. ശശി വിശദീകരിച്ചു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.കെ. ശശി കോണ്‍ഗ്രസില്‍ ചേരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന കേരള പുതുയുഗ യാത്രയുടെ ഭാഗമാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ യാത്ര പാലക്കാട് എത്തിയപ്പോള്‍ പി.കെ. ശശി പങ്കെടുത്തിരുന്നില്ല.

യു.ഡി.എഫ് ഒറ്റപ്പാലത്ത് പി.കെ. ശശിയെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നും പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളെല്ലാം തെറ്റാണെന്ന് പി.കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പി.കെ. ശശിയുടെ രാജി സി.പി.ഐ.എമ്മിനെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമമെന്നാണ് ഉയരുന്ന ആരോപണം.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച വികസന മുന്നേറ്റയാത്ര പാലക്കാട് എത്തിയപ്പോള്‍ പി.കെ. ശശി വിട്ടുനിന്നതും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

പാര്‍ട്ടിയുമായി ചില പ്രശ്‌നങ്ങള്‍ നിലവിലുണ്ടെന്നും അതുകൊണ്ടാണ് ബ്രാഞ്ച് കമ്മിറ്റിയില്‍ തന്നെ അദ്ദേഹം തുടരുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു.

ഇതോടെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചുവരാനുള്ള വഴികള്‍ തെരഞ്ഞെടുപ്പിന് മുമ്പ് തുറക്കില്ലെന്ന് വ്യക്തമായി. ഇതിന് പിന്നാലെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്.

Content Highlight:  PK Sasi resigns as KTDC chairman; explains that it has nothing to do with the elections

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.