ട്രോളുകളെല്ലാം കണ്ടു; കേരളം എന്നെഴുതിയതിലെ തെറ്റ് ആശയക്കുഴപ്പത്താലെന്ന് കുഞ്ഞാലിക്കുട്ടി
Kerala
ട്രോളുകളെല്ലാം കണ്ടു; കേരളം എന്നെഴുതിയതിലെ തെറ്റ് ആശയക്കുഴപ്പത്താലെന്ന് കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th July 2026, 8:25 pm

കൊച്ചി: കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ എ.ഐ സാക്ഷരതയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെ അക്ഷരത്തെറ്റ് വരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഐ.ടി, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പരിപാടിയില്‍ ‘കേരളം ലെറ്റ് അസ് ടോക്ക് എ.ഐ’ എന്ന് ഇംഗ്ലീഷില്‍ എഴുതിയപ്പോഴായിരുന്നു അക്ഷര പിശക് വന്നത്. ‘കേരളം’ എന്ന വാക്കിലായിരുന്നു അക്ഷര പിശക്.

പി.കെ. കുഞ്ഞാലിക്കുട്ടി ഈ വാക്കുകള്‍ തെറ്റിച്ച് എഴുതുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ അക്ഷര പിശകിനെ കുറിച്ചുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം വരുന്നത്.

എഴുതുന്നതിനിടയില്‍ ചുറ്റും ആളുകള്‍ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു ചെറിയ ആശയക്കുഴപ്പത്തില്‍ സംഭവിച്ചൊരു തെറ്റാണതെന്ന് അക്ഷരത്തെറ്റിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്ഷരത്തെറ്റിനെക്കുറിച്ചുള്ള ട്രോളുകളെല്ലാം താന്‍ കണ്ടതായും കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതിനെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു. വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. ജനങ്ങളുടെ വിമര്‍ശനങ്ങളെയും അഭിപ്രായങ്ങളെയും തികഞ്ഞ ജനാധിപത്യ ബോധത്തോടെ കേള്‍ക്കുകയും തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് മനസിലാക്കി തിരുത്തി മുന്നോട്ട് പോകുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങള്‍ക്ക് എപ്പോഴും വിമര്‍ശിക്കാനും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുമുള്ള പൂര്‍ണ അധികാരമുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും അത് ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുക എന്നതാണ് യു.ഡി.എഫിന്റെയും ഈ സര്‍ക്കാരിന്റെയും തന്റെയും നയമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന പരിപാടിയില്‍ ആശംസകള്‍ കുറിക്കുന്നതിനിടയില്‍ എനിക്ക് പറ്റിയ ഒരു ചെറിയ അക്ഷരപ്പിശക് വെച്ചുള്ള ട്രോളുകള്‍ ശ്രദ്ധയില്‍പ്പെട്ടു. നിങ്ങളുടെ ട്രോളുകളെല്ലാം ഞാന്‍ കണ്ടു?

എഴുതുന്നതിനിടയില്‍ ചുറ്റും ആളുകള്‍ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു ചെറിയ ആശയക്കുഴപ്പത്തില്‍ സംഭവിച്ചൊരു തെറ്റാണത്. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതിനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു. വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യും.

ജനങ്ങളുടെ വിമര്‍ശനങ്ങളെയും അഭിപ്രായങ്ങളെയും തികഞ്ഞ ജനാധിപത്യ ബോധത്തോടെ കേള്‍ക്കുകയും, തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് മനസ്സിലാക്കി തിരുത്തി മുന്നോട്ട് പോകുകയും ചെയ്യും.

ജനങ്ങള്‍ക്ക് എപ്പോഴും വിമര്‍ശിക്കാനും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുമുള്ള പൂര്‍ണ്ണ അധികാരമുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും അത് ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുക എന്നതാണ് യു.ഡി.എഫിന്റെയും ഈ സര്‍ക്കാരിന്റെയും എന്റെയും നയം.

ഈ സ്‌നേഹത്തിനും തിരുത്തലുകള്‍ക്കും എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി!

Content Highlight: PK Kunjalikkutti About Spelling Mistake and Trolls