P K Kunhalikkuttyകോഴിക്കോട്: രണ്ടാം മാറാട് കലാപം സംബന്ധിച്ച സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കലാപത്തിന് തീവ്രവാദ ബന്ധമുണ്ടെങ്കില്‍ അത് പുറത്തുവരണം. ഇതില്‍ രാഷ്ടീയം കാണേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതികളെ ശിക്ഷിക്കണമെന്നാണ് ലീഗിന്റെ നിലപാട്. ഇക്കാര്യത്തില്‍ ഉറച്ച നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

2003ലെ മാറാട് കലാപത്തിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ സന്നദ്ധരാണ് സി.ബി.ഐ നിലപാട് അറിയിച്ചിരുന്നു. സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കലാപത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നെങ്കിലും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി അംഗീകരിച്ചിരുന്നില്ല. സമഗ്രമായ അന്വേഷണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അതിനാല്‍ മറ്റൊരു ഏജന്‍സിയുടെ ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാരും സി.ബി.ഐ അന്വേഷണത്തിനായി ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് അനുമതി കിട്ടിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.