ജനുവരിയില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയ താരം ക്ലബ്ബിലെ തന്റെ രണ്ടാം മത്സരത്തിന് ഒരുങ്ങുകയാണ്. വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.30ന് അല്‍ ഇത്തിഹാദിനെതിരെയാണ് മത്സരം. മത്സരത്തിന് മുന്നോടിയായി റൊണാള്‍ഡോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കളിയെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരുന്നു.

അല്‍ നസറിന്റെ അര്‍ജന്റൈന്‍ താരം പിറ്റി മാര്‍ട്ടിനെസിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച റോണോ ‘നാളെ നടക്കാനിരിക്കുന്ന വലിയ കളിക്ക് വേണ്ടി കാത്തിരിക്കുകയാണ്’ എന്ന് ക്യാപ്ഷന്‍ നല്‍കിയിരുന്നു. പോസ്റ്റിന് താഴെ മാര്‍ട്ടിനെസ് നല്‍കിയ രസകരമായ കമന്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്.

‘അവന്‍ എന്റെ ഫോളോവേഴ്‌സിനെയെല്ലാം തട്ടിയെടുക്കും’ എന്നാണ് പിറ്റി മാര്‍ട്ടിനെസിന്റെ കമന്റ്. റൊണാള്‍ഡോ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഫോളോവേഴ്‌സിനെ തട്ടിയെടുക്കുകയാണ് എന്നാണ് മാര്‍ട്ടിനെസ് കമന്റ് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള താരമാണ് റൊണാള്‍ഡോ. യഥാര്‍ത്ഥത്തില്‍ ചിത്രങ്ങള്‍ പങ്കുവെക്കുന്നതോടെ പിറ്റി മാര്‍ട്ടിനെസിന് കൂടുതല്‍ ഫോളോവേഴ്‌സ് ഉണ്ടാകുമെന്ന് പറയാതെ പറയുകയാണ് താരം.