തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങായി വന്ന ബോളിവുഡ് താരങ്ങള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കിയ ബോളിവുഡ് താരങ്ങള്‍ക്ക് ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി നന്ദി അറിയിച്ചിരിക്കുന്നത്.

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, അഭിഷേക് ബച്ചന്‍, വിദ്യാ ബാലന്‍, സിദ്ധാര്‍ഥ് റോയ് കപൂര്‍, വിധു വിനോദ് ചോപ്ര, ആലിയ ഭട്ട്, ഋഷി കപൂര്‍, റണ്‍ബീര്‍ കപൂര്‍, സുശാന്ത് സിംഗ് രജപുത്, അക്ഷയ് കുമാര്‍, റസൂല്‍ പൂക്കുട്ടി എന്നിവര്‍ക്കാണ് മുഖ്യമന്ത്രി നന്ദി അറിയിച്ചിരിക്കുന്നത്.

Read:  പാകിസ്താന്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് ഉറച്ച തീരുമാനമില്ല: രാഹുല്‍ഗാന്ധി

അതേസമയം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പേര് മുഖ്യമന്ത്രി നന്ദി പറഞ്ഞവരുടെ കൂട്ടത്തിലില്ല. സണ്ണി ലിയോണ്‍ അഞ്ച് കോടി രൂപ സംഭാവന ചെയ്തതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനു പുറമെ 1200 കിലോ അരിയും പരിപ്പും സണ്ണി കേരളത്തിന് സംഭാവനയായി നല്‍കിയിരുന്നു.

അഞ്ച് കോടി നല്‍കിയ കാര്യം സണ്ണി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ സംഭാവന നല്‍കിയിട്ടുണ്ടെന്നും തുക എത്രയാണെന്ന് വ്യക്തമാക്കുന്നില്ലെന്നും അത് അവരുടെ സ്വകാര്യതയാണെന്നുമായിരുന്നു സണ്ണി ലിയോണിന്റെ ഓഫീസിന്റെ പ്രതികരണം.

ഇനിയും കേരളത്തെ സഹായിക്കാന്‍ തയ്യാറാണെന്നും സണ്ണി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സണ്ണി ലിയോണിനെ ഒഴിവാക്കിയുള്ള മുഖ്യമന്ത്രിയുടെ നന്ദി പ്രകടനം.