തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ രണ്ടു പേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ വിദേശത്തു നിന്നു വന്നതാണ്. 19 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

പ്രവാസികളെ എത്രയും വേഗം കേരളത്തിലെത്തിക്കണമെന്ന് ആഗ്രഹമുണ്ട്. അവര്‍ക്ക് എത്രയും വേഗം നാട്ടിലെത്തണമെന്നും ആഗ്രഹമുണ്ട്. പ്രവാസികളുടെ പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരികെ വരുന്നവരുടെ ടെസ്റ്റിങ് ക്വാറന്റൈന്‍ തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാനം കൈകാര്യം ചെയ്യും.