തൊടുപുഴ: സി.ഐ.ടി.യു. മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന എം.എം ലോറന്‍സ് ഒരു അഭിമുഖത്തില്‍ ഗൗരിയമ്മയെ അഴിമതിക്കാരിയായി ചിത്രീകരിച്ചത് അവരുടെ എല്‍.ഡി.എഫ്. പ്രവേശത്തിന് തടസം സൃഷ്ടിച്ചെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. []
ഇത് യു.ഡി.എഫിന് രാഷ്ട്രീയമായി ഗുണംചെയ്‌തെന്നും സംസ്ഥാന സെക്രേട്ടറിയറ്റ് വിലയിരുത്തിയതായി പിണറായി സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗൗരിയമ്മയ്‌ക്കെതിരെ ലോറന്‍സ് നടത്തിയ വെളിപ്പെടുത്തല്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് ഗൗരവമായാണു കാണുന്നതെന്നും യു.ഡി.എഫിനെ സഹായിക്കാനുള്ള നടപടിയാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഗൗരിയമ്മ യു.ഡി.എഫ്. വിട്ട് സി.പി.എമ്മിലേക്ക് മടങ്ങിവരാനുള്ള തയാറെടുപ്പിലായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.ഡി.എഫില്‍നിന്ന് ഒരു ഘടകകക്ഷി എല്‍.ഡി.എഫിലേക്കുവന്നാല്‍ അതു രാഷ്ട്രീയമായി ഇടതുപക്ഷത്തിനു ഗുണംചെയ്യുമായിരുന്നെന്നും ഇതിനു തടസം നില്‍ക്കുന്ന രീതിയിലായി ലോറന്‍സ് മംഗളം പത്രത്തിന്് നല്‍കിയ അഭിമുഖമെന്നും പിണറായി പറഞ്ഞു.
മന്ത്രിയായിരുന്നപ്പോള്‍ തോട്ടണ്ടി ഇറക്കുമതിയിലൂടെ ഗൗരിയമ്മ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു അഭിമുഖത്തില്‍ ലോറന്‍സിന്റെ പ്രധാന ആക്ഷേപം.
ഗൗരിയമ്മയ്‌ക്കെതിരേ താന്‍ കോടതിയില്‍ നല്‍കിയ മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി സമ്മര്‍ദം ചെലുത്തിയെന്നും ലോറന്‍സ് വെളിപ്പെടുത്തിയിരുന്നു. സംസ്ഥാന സമിതി യോഗം നടക്കുന്നതുവരെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് ലോറന്‍സിനോട് വിശദീകരണം തേടിയിരുന്നില്ല.
അതുകൊണ്ടുതന്നെ സംസ്ഥാന സമിതിയില്‍ ഇത്തരമൊരു കടുത്ത നടപടിയുണ്ടാകുമെന്ന് ലോറന്‍സ് പ്രതീക്ഷിച്ചതുമില്ല. ശിക്ഷാനടപടി വിശദീകരിച്ച ശേഷം ലോറന്‍സിന് വിശദീകരണം നല്‍കാനുള്ള അവസരം നല്‍കിയെങ്കിലും അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ നിഷേധിക്കാനോ അംഗീകരിക്കാനോ തയ്യാറാകുന്നില്ലെന്നു മാത്രമാണ് ലോറന്‍സ് വ്യക്തമാക്കിയത്.
അറുപതു വര്‍ഷത്തോളമായി പാര്‍ട്ടിക്കൊപ്പം നിലകൊള്ളുന്ന തന്നെ യു.ഡി.എഫിന്റെ ചാരനാക്കി ചിത്രീകരിച്ചതിലുള്ള വിഷമം യോഗത്തിനുശേഷം അദ്ദേഹം സഹപ്രവര്‍ത്തകരോടു പങ്കുവയ്ക്കുകയും ചെയ്തു.
പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് എം.എം. ലോറന്‍സ് പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ലോറന്‍സ് തയാറായില്ല.
