വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ആംനസ്റ്റിയും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും
India
വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ആംനസ്റ്റിയും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും
റെന്വര്‍ പി
Wednesday, 22nd July 2026, 10:42 pm

ന്യൂദല്‍ഹി: വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ പാര്‍ട്ടി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ആംനസ്റ്റി ഇന്റര്‍ നാഷനലും ഹ്യൂമന്‍ റൈറ്റ് വാച്ചും. സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വതന്ത്രവും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു.

‘കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തിയ പ്രതിഷേധങ്ങള്‍ക്ക് നേര്‍ക്കുണ്ടായ നിയമ വിരുദ്ധമായ പ്രതികരണങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഇന്ത്യന്‍ അധികൃതര്‍ ഉറപ്പാക്കണം,’ എന്ന് ആംനസ്റ്റി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

‘കണ്ണീര്‍ വാതകവും ലാത്തിയും പ്രയോഗിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്തു. മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസിന്റെ അമിതാധികാര പ്രയോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിച്ച പരീക്ഷാ പേപ്പര്‍ ചോര്‍ച്ച ആരോപണത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യയിലെ പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. ക്രൂരമായി അടിച്ചമര്‍ത്തിക്കൊണ്ടായിരുന്നു ആ മാര്‍ച്ചിനോട് ദല്‍ഹി പൊലീസ് പ്രതികരിച്ചത്,’ എന്നും കുറിപ്പില്‍ പറയുന്നു.

ഇതിന് പിന്നാലെ മറ്റൊരു കുറിപ്പും ആംനസ്റ്റി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധം ഒരു മനുഷ്യാവകാശമാണെന്ന് ഈ കുറിപ്പില്‍ പറയുന്നു.

എല്ലാ രാജ്യങ്ങളുടെയും ഭരണഘടന ‘സ്വാതന്ത്ര്യത്തിന്റെ’ മൂല്യത്തെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ അവിടെയെല്ലാം സര്‍ക്കാരുകള്‍ ഗവണ്‍മെന്റുകള്‍ വിയോജിപ്പ് പ്രകടിപ്പിച്ച ആളുകളെ ജയിലിലടയ്ക്കുന്നത് പതിവാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

‘നിങ്ങളുടെ ശബ്ദം പ്രധാനമാണ്. നിങ്ങളുടെ അഭിപ്രായം പറയാനും വിവരങ്ങള്‍ പങ്കിടാനും മെച്ചപ്പെട്ട ലോകം ആവശ്യപ്പെടാനും നിങ്ങള്‍ക്ക് അവകാശമുണ്ട്.

ഭരണത്തിലിരിക്കുന്നവരോട് യോജിക്കാനോ വിയോജിക്കാനോ ഉള്ള അവകാശവും നിങ്ങള്‍ക്ക് ഉണ്ട്, കൂടാതെ സമാധാനപരമായ പ്രതിഷേധങ്ങളില്‍ ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട്,’ എന്നും കുറിപ്പില്‍ പറയുന്നു.

ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളും റിപ്പോര്‍ട്ടുകളും ഇന്ത്യയില്‍ സമാധാനപരമായ എതിര്‍പ്പുകള്‍ എങ്ങനെ അടിച്ചമര്‍ത്തപ്പെടുന്നുവെന്ന് കാണിക്കുന്നതായി കഴിഞ്ഞ ദിവസം ആംനസ്റ്റി ഇന്ത്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

‘സമാധാനപരമായ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് അനാവശ്യവും അമിതവുമായ ബലപ്രയോഗം നടത്തിയതായും പാര്‍ലമെന്റിലേക്ക് അവര്‍ എത്തുന്നത് തടയാന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചതായും റിപ്പോര്‍ട്ടുണ്ട്. മെട്രോ സേവനങ്ങളും മൊബൈല്‍ ഇന്റര്‍നെറ്റും അധികൃതര്‍ നിര്‍ത്തിവച്ചു, സമാധാനപരമായ സമ്മേളനത്തിനുള്ള അവകാശം വിനിയോഗിക്കുന്നത് കൂടുതല്‍ പരിമിതപ്പെടുത്തി.

സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയല്ല, സംരക്ഷിക്കുകയും സുഗമമാക്കുകയും ചെയ്യുക എന്നതാണ് അധികാരികള്‍ ചെയ്യേണ്ടത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിനും ഇന്ത്യന്‍ ഭരണഘടനയ്ക്കും കീഴില്‍ സമാധാനപരമായ സമ്മേളനത്തിനുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശം അംഗീകരിക്കപ്പെട്ടിരിക്കുന്നു,’ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയില്‍ സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളിലൊന്ന് സുരക്ഷാ സേന അടിച്ചമര്‍ത്തുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അഭിപ്രായപ്പെട്ടു,

പോലീസിനോട് സംയമനം പാലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടണമെന്ന് സംഘടന ആവശ്യപ്പെട്ടു. പ്രതിഷേധ സ്ഥലത്തെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പുനസ്ഥാപിക്കാനും, ആളുകള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാനും അധികൃതര്‍ തയ്യാറാവണമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അഭിപ്രായപ്പെട്ടു.

Content Highlight:Peaceful protest is a human right- Amnesty International on Crackdown of Delhi police Against Protesters

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.