കമ്മിന്‍സ് എന്ന് കളത്തിലെത്തും? നിര്‍ണായക സൂചന നല്‍കി താരം
Cricket
കമ്മിന്‍സ് എന്ന് കളത്തിലെത്തും? നിര്‍ണായക സൂചന നല്‍കി താരം
ഫസീഹ പി.സി.
Thursday, 26th March 2026, 8:12 am

ഐ.പി.എല്‍ 2026 കൊടിയേറാന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 28നാണ് 19ാം സീസണ്‍ ആരംഭിക്കുക. ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍. സി. ബി) സണ്‍റൈസേഴ്സ് ഹൈദരാബാദും (എസ്. ആര്‍. എച്ച്) തമ്മിലാണ് ആദ്യ മത്സരം.

ഈ മത്സരത്തിനിറങ്ങുമ്പോള്‍ എസ്. ആര്‍. എച്ചിനൊപ്പം ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സില്ല. പരിക്ക് കാരണം താരത്തിന് സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകുമെന്നും ടൂര്‍ണമെന്റ് പുരോഗമിക്കുമ്പോള്‍ താരം ടീമിനൊപ്പം തിരിച്ചെത്തുമെന്നും നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

പാറ്റ് കമ്മിൻസ്. Photo: Crickettimes

എന്നാല്‍, കമ്മിന്‍സ് എന്ന് മുതല്‍ കളിക്കുമെന്ന് വ്യക്തതയില്ല. ഇപ്പോള്‍ തന്റെ പരിക്കിലും ഐ.പി.എല്ലില്‍ എന്ന് കളത്തിലെത്താന്‍ സാധിക്കുമെന്നും പറയുകയാണ് പാറ്റ് കമ്മിന്‍സ്. താന്‍ പരിക്കില്‍ നിന്ന് മുക്തനാവുന്നേയുള്ളൂവെന്നും നെറ്റ്‌സില്‍ പരിശീലനം തുടങ്ങിയെന്നും താരം പറഞ്ഞു.

ടൂര്‍ണമെന്റിന്റെ പകുതിയില്‍ മടങ്ങിയെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ബിസിനസ് ഓഫ് സ്പോര്‍ട് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു കമ്മിന്‍സ്.

‘പുറം വേദനയില്‍ നിന്ന് ഞാന്‍ മുക്തനാക്കുന്നേയുള്ളൂ. എന്നാല്‍ ഞാന്‍ മികച്ച നിലയിലാണ്. ഇപ്പോള്‍ നെറ്റ്‌സില്‍ പന്തെറിയാന്‍ തുടങ്ങിയിട്ടുണ്ട്. ഐ. പി. എല്‍ ഉടന്‍ ആരംഭിക്കുമെങ്കിലും ഞാന്‍ കളിക്കില്ല. പക്ഷേ, എന്റെ മടങ്ങി വരവ് അധികം വൈകില്ല.

ഇപ്പോള്‍ ബൗളിങ് ചെയാന്‍ തുടങ്ങി. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും പന്തെറിയുന്നുണ്ട്. ടൂര്‍ണമെന്റിന്റെ പകുതി പിന്നിടുമ്പോഴേക്കും തിരിച്ചെത്താന്‍ ഞങ്ങള്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതിനാല്‍ അവസാന പകുതി കളിക്കാന്‍ എനിക്ക് സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ,’ കമ്മിന്‍സ് പറഞ്ഞു.

ഇഷാൻ കിഷനും അഭിഷേക് ശർമയും. Photo: Johns/x.com

അതേസമയം, ഹൈദരാബാദിന്റെ ആദ്യ മത്സരത്തിന് മുമ്പ് തന്നെ കമ്മിന്‍സ് ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് താരം ഹൈദരാബാദ് ക്യാമ്പിലെത്തിയത്.

കമ്മിന്‍സിന്റെ അഭാവത്തില്‍ ഹൈദരാബാദ് താത്കാലിക ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് ക്യാപ്റ്റന്റെ ബട്ടണ്‍ ലഭിച്ചത്. താരത്തിന്റെ ഡെപ്യൂട്ടിയായി അഭിഷേക് ശര്‍മയുമുണ്ട്.

Content Highlight: Pat Cummins outlines the timeline of his return to IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി