ടെസ്റ്റ് ഫോര്‍മാറ്റില്‍ 600 വിക്കറ്റ് കൂട്ടുകെട്ടുമായി ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സും നഥാന്‍ ലിയോണും. ഈ നേട്ടത്തിലെത്തുന്ന ആറാമത് ബൗളിങ് പെയറാണ് ഇവര്‍.

ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിലാണ് ഇരുവരും ഒന്നിച്ച് കളത്തിലിറങ്ങിയ മത്സരങ്ങളില്‍ നിന്നുമായി 600 വിക്കറ്റ് കൂട്ടുകെട്ട് എന്ന നേട്ടത്തിലെത്തിയത്.

പാറ്റ് കമ്മിന്‍സ് & നഥാന്‍ ലിയോണ്‍

മത്സരത്തിന്റെ രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 238 എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക ബാറ്റിങ് തുടരുന്നത്. മത്സരത്തില്‍ ഇതുവരെ പാറ്റ് കമ്മിന്‍സ് മൂന്നും നഥാന്‍ ലിയോണ്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഇതോടെയാണ് ഇരുവരും 600 എന്ന ബാരിയര്‍ മറികടന്നത്.

നായകന്‍ പാറ്റ് കമ്മിന്‍സ് ഡേവിഡ് ബെഡ്ഡിങ്ഹാം, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വിയാന്‍ മുള്‍ഡര്‍ എന്നിവരെ പുറത്താക്കിയപ്പോള്‍ പ്രോട്ടിയാസ് നായകന്‍ തെംബ ബാവുമയും വിക്കറ്റ് കീപ്പര്‍ കൈല്‍ വെരായ്‌നെയുമാണ് നഥാന്‍ ലിയോണിനോട് തോറ്റ് മടങ്ങിയത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന പെയര്‍

(താരങ്ങള്‍ – ടീം വിക്കറ്റ് എന്നീ ക്രമത്തില്‍)

ജെയിംസ് ആന്‍ഡേ്‌സണ്‍ & സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – 1039

ഷെയ്ന്‍ വോണ്‍ & ഗ്ലെന്‍ മഗ്രാത് – ഓസ്‌ട്രേലിയ – 1001

മുത്തയ്യ മുരളീധരന്‍ & ചാമിന്ദ വാസ് – ശ്രീലങ്ക – 895

മിച്ചല്‍ സ്റ്റാര്‍ക് & നഥാന്‍ ലിയോണ്‍ – ഓസ്‌ട്രേലിയ – 778*

കര്‍ട്‌ലി ആംബ്രോസ് & കോട്‌നി വാല്‍ഷ് – വെസ്റ്റ് ഇന്‍ഡീസ് – 762

പാറ്റ് കമ്മിന്‍സ് & നഥാന്‍ ലിയോണ്‍ – ഓസ്‌ട്രേലിയ – 600*

ആര്‍. അശ്വിന്‍ & രവീന്ദ്ര ജഡേജ – ഇന്ത്യ – 587

നഥാന്‍ ലിയോണ്‍ & ജോഷ് ഹെയ്‌സല്‍വുഡ് – ഓസ്‌ട്രേലിയ – 586*

വസീം അക്രം & വഖാര്‍ യൂനിസ് – പാകിസ്ഥാന്‍ – 559

ഷോണ്‍ പൊള്ളോക് & ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 547

രണ്ട് വിവിധ താരങ്ങള്‍ക്കൊപ്പം 600 വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പുള്ള ഏക താരമാണ് നഥാന്‍ ലിയോണ്‍ എന്നതും ശ്രദ്ധേയമാണ്.

നഥാന്‍ ലിയോണ്‍

അതേസമയം, ഏറ്റവുമധികം വിക്കറ്റുകളുള്ള നാല്‍വര്‍സംഘങ്ങളില്‍ (ഒരേ മത്സരത്തില്‍ നാല് താരങ്ങളും ഒന്നിച്ച് കളിക്കുന്ന സാഹചര്യം) 600 വിക്കറ്റ് മാര്‍ക് പിന്നിടാനും നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ക്കായി. 606 വിക്കറ്റുകളാണ് ഈ ക്വാര്‍ടെറ്റ് സ്വന്തമാക്കിയത്.

ഈ പട്ടികയില്‍ രണ്ടാമതുള്ള ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്‌റ്റോക്‌സ്, മോയിന്‍ അലി എന്നിവരുടെ സംഘത്തിന് 433 വിക്കറ്റുകളാണ് നേടാന്‍ സാധിച്ചത്.

അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 390 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. മാറ്റ് റെന്‍ഷോയുടെ കരുത്തിലാണ് തകര്‍ച്ചയില്‍ നിന്നും കങ്കാരുക്കള്‍ കരകയറിയത്.

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം സെഞ്ച്വറി വരള്‍ച്ച അവസാനിപ്പിച്ച മത്സരത്തില്‍ 190 റണ്‍സാണ് താരം സ്വന്തമാക്കിയത്. 43 റണ്‍സ് നേടിയ നായകന്‍ പാറ്റ് കമ്മിന്‍സാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

സൗത്ത് ആഫ്രിക്കയ്ക്കായി വിയാന്‍ മുള്‍ഡര്‍ നാലും മാര്‍കോ യാന്‍സെന്‍ മൂന്നും ആന്‌റിക് നോര്‍ക്യ രണ്ടും വിക്കറ്റ് വീഴ്ത്തി. സൈമണ്‍ ഹാര്‍മറാണ് ശേഷിച്ച വിക്കറ്റെടുത്തത്.

 

Content Highlight:  Pat Cummins and Nathan Lyon have combined for 600 wickets in the Test format.