അവന്‍ ടി - 20യില്‍ തെളിയിക്കപ്പെട്ട താരം, ആശങ്ക വേണ്ട; സൂപ്പര്‍ താരത്തെ കുറിച്ച് പാര്‍ത്ഥിവ് പട്ടേല്‍
Cricket
അവന്‍ ടി - 20യില്‍ തെളിയിക്കപ്പെട്ട താരം, ആശങ്ക വേണ്ട; സൂപ്പര്‍ താരത്തെ കുറിച്ച് പാര്‍ത്ഥിവ് പട്ടേല്‍
ഫസീഹ പി.സി.
Friday, 3rd July 2026, 8:50 am

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ ആദ്യ ടി – 20 മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മികച്ച പ്രകടനം നടത്തിയിരുന്നു. മഴ മൂലം കളി ഉപേക്ഷിച്ചിരുന്നെങ്കിലും ഇന്ത്യന്‍ ഇന്നിങ്സ് അതിനകം അവസാനിച്ചിരുന്നു. 47 പന്തില്‍ 68 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഇപ്പോള്‍ ശ്രേയസിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍. ശ്രേയസ് അയ്യരുടെ ഈ പ്രകടനം താരത്തിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയവര്‍ക്ക് വലിയൊരു ആശ്വാസമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ടി – 20 ക്രിക്കറ്റില്‍ ശ്രേയസ് ഒരു തെളിയിക്കപ്പെട്ട താരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഗെയിം പ്ലാന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാര്‍ത്ഥിവ് പട്ടേല്‍.

‘ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചവര്‍ക്ക് ഇപ്പോള്‍ വലിയൊരു ആശ്വാസം ലഭിച്ചിട്ടുണ്ടാകും. ഒരു കളിക്കാരന്‍ എന്ന നിലയില്‍ ശ്രേയസ് അയ്യര്‍ ഒന്നിനെയും കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. കാരണം, അന്താരാഷ്ട്ര തലത്തില്‍ ഈ ഫോര്‍മാറ്റില്‍ താനൊരു മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണെന്ന് അവന്‍ ഇതിനോടകം തെളിയിച്ചതാണ്,’ പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.

അയര്‍ലാന്‍ഡ് പരമ്പരക്ക് മുന്നോടിയായാണ് ശ്രേയസ് അയ്യരെ ഇന്ത്യന്‍ ക്യാപ്റ്റനാക്കിയത്. മൂന്ന് വര്‍ഷത്തോളം ടീമിന് പുറത്തായിരുന്ന താരത്തെ തിരികെ വിളിച്ച് സൂര്യകുമാര്‍ യാദവിന് പകരം ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയായിരുന്നു.

എന്നാല്‍, ക്യാപ്റ്റന്‍സി അരങ്ങേറ്റം കുറിച്ച പരമ്പരയില്‍ നായകനായും താരമായും ശ്രേയസിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. ക്യാപ്റ്റനായ ആദ്യ പരമ്പര കൈവിട്ടതിനൊപ്പം രണ്ട് മത്സരങ്ങളിൽ താരം വെറും 13 റൺസ് മാത്രമാണ് എടുത്തത്.

Content Highlight: Parthiv Patel says Shreyas Iyer is a proven performer in T2o Cricket

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.