ഇന്ദിരാ ഗാന്ധിയെ വരെ ട്രോള്‍ മെറ്റീരിയലാക്കി, പരാശക്തിയെ വെറുതെ വിടാതെ ട്രോളന്മാര്‍
Indian Cinema
ഇന്ദിരാ ഗാന്ധിയെ വരെ ട്രോള്‍ മെറ്റീരിയലാക്കി, പരാശക്തിയെ വെറുതെ വിടാതെ ട്രോളന്മാര്‍
അമര്‍നാഥ് എം.
Wednesday, 11th February 2026, 11:00 pm

തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാനാകാതെ ഒ.ടി.ടിയിലെത്തിയ ചിത്രമാണ് പരാശക്തി. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ശിവകാര്‍ത്തികേയനായിരുന്നു നായകന്‍. സൂരറൈ പോട്രിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തിന് റിലീസിന് മുമ്പുള്ള ഹൈപ്പ് മുതലെടുക്കാന്‍ സാധിച്ചില്ല. തിരക്കഥയിലെ പാളിച്ചകളാണ് ചിത്രത്തിന് തിരിച്ചടിയായത്.

ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിലെ പല രംഗങ്ങളും ട്രോള്‍ മെറ്റീരിയലായിരിക്കുകയാണ്. അത്തരത്തില്‍ ട്രോളന്മാരുടെ ഇരയായത് ക്ലൈമാക്‌സ് രംഗമാണ്. അത്യധികം ഇമോഷണലായി ചിത്രീകരിച്ച രംഗം പ്രേക്ഷകര്‍ക്ക് കോമഡിയായി അനുഭവപ്പെട്ടെന്നാണ് കമന്റുകള്‍. ഇന്ദിരാ ഗാന്ധിയായി വേഷമിട്ട നടിയുടെ പെര്‍ഫോമന്‍സും ട്രോളന്മാരുടെ ഇരയായി മാറി.

ഹിന്ദി നടിയായ സന്ധ്യ മൃദുലാണ് ഇന്ദിരാ ഗാന്ധിയായി വേഷമിട്ടത്. ലുക്കില്‍ ഇന്ദിര ഗാന്ധിയുടെ ചെറിയ സാമ്യമുണ്ടെങ്കിലും ഈ കഥാപാത്രത്തെ അവതരിപ്പിച്ച രീതി അങ്ങേയറ്റം കോമഡിയായെന്നാണ് പലരും അഭിപ്രായപ്പെട്ടത്. സ്‌ക്രീനിലെത്തുന്ന സമയത്തെല്ലാം ഒരേ മുഖഭാവമാണ് സന്ധ്യയുടേതെന്നും ട്രോളന്മാരുടെ കമന്റുകള്‍.

ക്ലൈമാക്‌സില്‍ നായകനും വില്ലനും കയറിയ ട്രെയിന്‍ തീപിടിച്ച് സ്റ്റേഷനിലേക്കെത്തുന്ന രംഗം അത്യധികം സീരിയസായാണ് സുധ അവതരിപ്പിച്ചത്. ഈ സീനില്‍ ഇന്ദിരാ ഗാന്ധിയും ചില മന്ത്രിമാരും പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നുണ്ട്. തീപിടിച്ച ട്രെയിന്‍ തങ്ങളുടെ നേര്‍ക്ക് വരുന്നതുകണ്ട് പ്ലാറ്റ്‌ഫോമിലുള്ളവരെല്ലാം ജീവനും കൊണ്ട് ഓടുന്ന സീനില്‍ ആദ്യം ഓടിയത് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ്.

‘നല്ല ബെസ്റ്റ് സെക്യൂരിറ്റി’ എന്നാണ് പലരുടെയും കമന്റ്. വലിയ ബജറ്റ് ചെലവാക്കി ഒരുക്കിയ സിനിമയില്‍ ഇത്തരം കാര്യങ്ങളൊന്നും ഡയറക്ടര്‍ ശ്രദ്ധിച്ചില്ലേ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഇത്രയും സീനുകളുള്ള ചിത്രം കോമഡി ഴോണറായാണ് അനുഭവപ്പെട്ടതെന്നും കമന്റുകളുണ്ട്. തീപിടിച്ച ട്രെയിനില്‍ നിന്ന് നായകന്‍ രക്ഷപ്പെട്ടുവരുന്ന രംഗത്തില്‍ ചിരിയടക്കാനായില്ലെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു.

നല്ല രീതിയില്‍ പോയ ആദ്യപകുതിയുടെ ഫീലെല്ലാം ഇല്ലാതാക്കിയ രണ്ടാം പകുതിയാണ് പരാശക്തിക്ക് തിരിച്ചടിയായതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സ്‌ക്രിപ്റ്റിന്റെ പോരായ്മ കാരണം പരാജയമായ സിനിമകളുടെ കൂട്ടത്തില്‍ പരാശക്തിയെയും ഉള്‍പ്പെടുത്താമെന്നും പോസ്റ്റുകളുണ്ട്.

സൂര്യയെ നായകനാക്കി ചെയ്യേണ്ട സിനിമ ശിവകാര്‍ത്തികേയനിലേക്ക് എത്തിയപ്പോള്‍ അതിന്റേതായ തിരുത്തലുകള്‍ സ്‌ക്രിപ്റ്റില്‍ വരുത്തിയിരുന്നു. ഇതാണ് പരാശക്തിക്ക് തിരിച്ചടിയായത്. 150 കോടിയിലേറെ ബജറ്റിലൊരുങ്ങിയ ചിത്രം തിയേറ്ററില്‍ നിന്ന് 89 കോടി മാത്രമാണ് നേടിയത്.

Content Highlight: Parasakthi movie climax scene getting trolls

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം