2026 ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പാകിസ്ഥാൻ ആദ്യ ഫൈനലിസ്റ്റായി. എതിരാളിയായ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് വീഴ്ത്തിയാണ് പാക് പട ഫൈനലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്.

ജപ്പാനിലെ കൊറോഗി സ്പോർട്സ് പാർക്കിൽ വച്ച് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വെറും 111 റൺസ് മാത്രമേ കെട്ടിപ്പടുക്കാൻ സാധിച്ചുള്ളൂ. 13 ഓവർ മത്സരത്തിൽ ഓപ്പണിങ് കൂട്ടുകെട്ടിന് വലിയ സംഭാവനകൾ ഒന്നും നൽകാൻ സാധിച്ചില്ല. സൈഫ് ഹസൻ- ഹസൻ കൂട്ടുകെട്ടിൽ വെറും 26 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.

പിന്നീട് എത്തിയ ക്യാപ്റ്റൻ ലിറ്റോൺ ദാസും പർവേസ് ഹൊസൈൻ എമോനും രണ്ടക്കം കാണാതെ കളം വിടുകയായിരുന്നു. അഞ്ചാമതായി എത്തിയ തൗഹീദ് ഹൃദോയുടെ തകർപ്പൻ പ്രകടനത്തോടെയാണ് ബംഗ്ലാദേശ് നില മെച്ചപ്പെടുത്തിയത്. 25 പന്തിൽ 45 റൺസാണ് താരം അടിച്ചുകൂട്ടിയത്. പാകിസ്ഥാൻ ബൗളർമാർ തീർത്ത സമ്മർദത്തിൽ ബംഗ്ലാദേശിന് അടിപതറുകയായിരുന്നു.

പാകിസ്ഥാൻ ടീം

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ഓപ്പണിങ് തന്നെ പിഴച്ചു. ക്യാപ്റ്റനായ സാഹിബ്‌സാദ ഫർഹാൻ ഒരു റൺസുമാത്രം നേടി കളംവിടേണ്ടി വന്നത് പാക് പടയ്ക്ക് കനത്ത സമ്മർദം ഉണ്ടാക്കിയെങ്കിലും പിന്നീട് എത്തിയ ബാറ്റർമാരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

15 പന്തിൽ 30 റൺസ് നേടി പുറത്താവാതെ നിന്ന അബ്ദുൽ സമദാന് പാകിസ്ഥാനുവേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.
മാസ് സദാഖ്ത് ഏഴ് പന്തിൽ 15 റൺസും , ഉസ്മാൻ ഖാൻ ഒൻപത് പന്തിൽ 14 റൺസും , ഹസൻ നവാസ് 22 പന്തിൽ 27 റൺസ് പാകിസ്താന് വേണ്ടി സ്വന്തമാക്കി. ഇതോടെ ബംഗ്ലാദേശ് തീർത്ത 111 റൺസിന്റെ പ്രതിരോധം ഒൻപത് പന്ത് ബാക്കി നിൽക്കെ പാക്കിസ്ഥാൻ തകർക്കുകയിരുന്നു.

പാകിസ്ഥാൻ വേണ്ടി സുഫിയാൻ മുഖ്‌തീം 3 വിക്കറ്റുകളും അറാഫത്ത് മിന്ഹാസ് രണ്ടും സൈം അയൂബ് ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി.
ബംഗ്ലാദേശിനുവേണ്ടി മഹ്‌ദി ഹസൻ, നസും അഹമ്മദ് , മുസ്തഫിസുർ റഹ്മാൻ , റിഷാദ് ഹൊസൈൻ എന്നിവരാണ് വിക്കറ്റുവേട്ടക്കാർ. ഓരോ വിക്കറ്റ് വീതം നാലുപേരും എറിഞ്ഞുവീഴ്ത്തി.

ഹോങ് കൊങ്ങുമായുള്ള ക്വാട്ടർഫൈനൽ മത്സരം മഴമൂലം മാറ്റിവെച്ചതിനു പിന്നാലെയാണ് പാകിസ്ഥാൻ സെമിഫൈനലിൽ എത്തിയത്. പാക് പടയ്ക്ക് എതിരാളികൾ രണ്ടാം ക്വാട്ടർഫൈനൽ വിജയികളാണ്. ഇന്ന്( ഒക്ടോബർ 1 ) ഇന്ത്യയും ശ്രീലങ്കയുമാണ് രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. മത്സരത്തിൽ വിജയിക്കുന്നവർ പാകിസ്ഥാനൊപ്പം ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും. തോൽക്കുന്ന ടീം മൂന്നാം സ്ഥാനത്തിനുവേണ്ടി ബംഗ്ലാദേശിനെയായിരിക്കും നേരിടുക. നിലവിൽ ഇന്ത്യ- ശ്രീലങ്ക മത്സരം ആരംഭിച്ചുകഴിഞ്ഞു. മത്സരത്തിൽ ഇന്ത്യ ജയിക്കുകയാണെങ്കിൽ വീണ്ടുമൊരു ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം കാണാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

 

Content Highlights: Pakisthan won semi-finals and move to final match