ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരുടെ വിവരങ്ങള്‍ പുറത്തുവിട്ടു. ഏകദേശം 457 ഇന്ത്യാക്കാര്‍ തടവുകാരായി പാക് ജയിലില്‍ കഴിയുന്നുണ്ടെന്നാണ് പാകിസ്ഥാന്‍ ഭരണകൂടം അറിയിച്ചത്.

ജയിലില്‍ കഴിയുന്നവരില്‍ ഭൂരിഭാഗം പേരും മീന്‍പിടുത്തക്കാരാണെന്നാണ് പാക് അധികൃതരുടെ വെളിപ്പെടുത്തല്‍.ഇതേപ്പറ്റിയ ഉള്ള വിവരങ്ങള്‍ പാക് സര്‍ക്കാര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്.

മെയ് 2008 ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കരാര്‍പ്രകാരം രണ്ടുവര്‍ഷത്തിലൊരിക്കല്‍ തടവുകാരുടെ വിശദാംശങ്ങള്‍ കൈമാറേണ്ടതാണ്. അതേസമയം ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന തടവുകാരുടെ വിവരങ്ങള്‍ പാകിസ്ഥാന് കൈമാറുമെന്ന് ഇന്ത്യന്‍ വിദേശകാര്യവക്താക്കള്‍ അറിയിച്ചു.

എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ കൂടാതെ 58 അഭ്യന്തര തടവുകാര്‍ കൂടി പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്നുണ്ടെന്നാണ് പാക് വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ജനുവരി എട്ടിന് 146 മത്സ്യത്തൊഴിലാളികളെ സ്വതന്ത്രരാക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്.