തുറമുഖ മന്ത്രി സതീശന്‍ പരിശോധിച്ച് മുഖ്യമന്ത്രി സതീശന് കൊടുക്കും, പിന്നെ ധനമന്ത്രി സതീശനും'; ഭരണനിര്‍വഹണം ഒറ്റ വ്യക്തിയിലേക്ക് ചുരുങ്ങിയെന്ന് പി. രാജീവ്
Kerala News
തുറമുഖ മന്ത്രി സതീശന്‍ പരിശോധിച്ച് മുഖ്യമന്ത്രി സതീശന് കൊടുക്കും, പിന്നെ ധനമന്ത്രി സതീശനും'; ഭരണനിര്‍വഹണം ഒറ്റ വ്യക്തിയിലേക്ക് ചുരുങ്ങിയെന്ന് പി. രാജീവ്
ആദര്‍ശ് എം.കെ.
Friday, 3rd July 2026, 4:29 pm

തിരുവനന്തപുരം: കേരളത്തിന്റെ ഭരണനിര്‍വഹണ സംവിധാനങ്ങളെ അട്ടിമറിച്ച്, മുഖ്യമന്ത്രി വി.ഡി. സതീശന്‍ എല്ലാ അധികാരങ്ങളും ഒറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുകയാണെന്ന് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ പി. രാജീവ്.

തുറമുഖം, ധനകാര്യം എന്നീ സുപ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതിലെ അസാധാരണത്വത്തെയും വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങളെയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മാധ്യമങ്ങളെ കാണവെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ഭരണനിര്‍വഹണത്തില്‍ സാധാരണയായി ഉണ്ടാകാറുള്ള ‘ചെക്ക് ആന്‍ഡ് ബാലന്‍സ്’ നിലവിലെ സര്‍ക്കാരില്‍ പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്. വിവിധ വകുപ്പുകള്‍ വിവിധ മന്ത്രിമാരും സെക്രട്ടറിമാരും കൈകാര്യം ചെയ്യുമ്പോഴാണ് സൂക്ഷ്മമായ പരിശോധനകള്‍ സാധ്യമാകുന്നത്.

എന്നാല്‍ തുറമുഖവുമായി ബന്ധപ്പെട്ട വിഷയം തുറമുഖ മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി കാണുന്നു. അത് ധനവകുപ്പിലേക്ക് അയക്കുമ്പോള്‍ ധനമന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി തന്നെ കാണുന്നു. തുടര്‍ന്ന് നിയമവകുപ്പിലേക്ക് പോകുമ്പോഴും മുഖ്യമന്ത്രിയിലേക്ക് തന്നെയാണ് കാര്യങ്ങള്‍ എത്തുന്നതെന്ന് രാജീവ് ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ എല്ലാ വകുപ്പുകളുടെയും അധികാരം ഒറ്റ വ്യക്തിയിലേക്ക് ചുരുങ്ങിയിരിക്കുന്നത് ഭരണപരമായ സുതാര്യത തകര്‍ക്കുന്നതാണ്.

വിഴിഞ്ഞം വിഷയത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തി അദാനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും അദാനി കേരളത്തില്‍ ഒരു ‘സൂപ്പര്‍ ഗവണ്‍മെന്റ്’ അല്ലെന്നും കെ.സി. വേണുഗോപാല്‍ ദല്‍ഹിയില്‍ പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അദാനിയുടെ ഇഷ്ടം പോലെ കാര്യങ്ങള്‍ നടക്കുമായിരിക്കും, എന്നാല്‍ കേരളത്തില്‍ അത് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അനുമതിയില്ലാതെ ഒരു ബഹുരാഷ്ട്ര കമ്പനിക്ക് ഓഹരികള്‍ കൈമാറിയത് എങ്ങനെയെന്ന് അദാനി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തില്‍ സര്‍ക്കാരും ശക്തമായ അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ ആവശ്യമായ കൂടിയാലോചനകള്‍ നടത്തുകയോ ചെയ്യാതെയാണ് അദാനി ഗ്രൂപ്പ് ഈ നീക്കം നടത്തിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി ഘടനയില്‍ മാറ്റം വരുത്തണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.. കണ്‍സഷന്‍ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഇത് നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി.

ഓഹരി കൈമാറ്റം സംബന്ധിച്ച തീരുമാനം വിവാദമായതോടെ, ഇതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് കഴിഞ്ഞ ബുധനാഴ്ച സര്‍ക്കാരിന് കത്ത് നല്‍കി. സര്‍ക്കാരുമായുള്ള കരാറിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ അപേക്ഷ നല്‍കിയിരിക്കുന്നത്.

കണ്‍സഷന്‍ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍േശങ്ങളും കര്‍ശനമായി പരിശോധിച്ച ശേഷം മാത്രമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളൂ. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് വിഴിഞ്ഞം തുറമുഖത്തെ ആഗോളതലത്തില്‍ മത്സരക്ഷമമായ ഒരു ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 

Content Highlight: P. Rajeev criticizes V.D. Satheesan.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.