13 വര്‍ഷം മുന്‍പാണ് ഒഴിവു ദിവസത്തെ കളി എഴുതിയതെന്ന് തിരക്കഥാകൃത്ത് ഉണ്ണി ആര്‍. എക്കാലത്തും സമൂഹത്തില്‍ ചര്‍ച്ചയായ ദളിത് വിഷയമായിരുന്നു ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചത്.

എന്നാല്‍ രോഹിത് വെമൂല പോലെ രാജ്യമൊട്ടാകെ ശബ്ദമുയര്‍ത്തിയ വിഷയങ്ങള്‍ വന്നതോടെ സമകാലികമായും ഈ കഥയ്ക്ക് പ്രാധാന്യം വരികയായിരുന്നെന്നും ഉണ്ണി ആര്‍ പറയുന്നു.

മികച്ച സിനിമകളെ സിനിമകളെ ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. വലുതല്ലെങ്കിലും ഇത്തരം സിനിമകള്‍ക്ക് ലഭിക്കുന്ന പ്രേക്ഷക പങ്കാളിത്തം തിയറ്ററില്‍ കാണാന്‍ കഴിഞ്ഞു.

ഒഴിവു ദിവസത്തെ കളി മലയാളസിനിമയുടെ ചരിത്രത്തില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ഈ ചിത്രം റിലീസിനെത്തിയതെന്നും ഉണ്ണി പറയുന്നു.

മലയാളത്തിലെ പ്രശസ്തരായ ചില സംവിധായകര്‍ സിനിമ കണ്ട ശേഷം വിളിച്ചിരുന്നു. ഈ സിനിമ കണ്ട് ഇഷ്ടപ്പെട്ടു. ഇത്തരം കഥകള്‍ ഉണ്ടെങ്കില്‍ നമുക്ക് ചെയ്യാം, എഴുതൂ എന്നു പറയുകയുണ്ടായി. തന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ അംഗീകാരമായാണ് തോന്നുന്നത്. ഒരുപാട് പേരുടെ സ്‌നേഹത്തിന്റെയും കഷ്ടപ്പാടിന്റെയും കഠിനപ്രയത്‌നത്തിന്റെയും ഫലമാണ്  സിനിമയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.