citizen for
അമേരിക്കയുടെ ഇന്റര്‍നെറ്റ് വഴിയുള്ള വിവര മോഷണ പദ്ധതി പുറത്ത് വിട്ട എഡ്വേര്‍ഡ് സ്‌നോഡനെ കുറിച്ചുള്ള ഡോക്യുമെന്ററിക്ക് ഓസ്‌കാര്‍. മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡാണ് സ്‌നോഡനെ കുറിച്ചുള്ള “സിറ്റിസണ്‍ ഫോര്‍” ന് ലഭിച്ചിരിക്കുന്നത്. സ്‌നോഡന്റെ വെളിപ്പെടുത്തലുകള്‍ സ്വകാര്യതക്കും ജനാധിപത്യത്തിനും നേരേയുള്ള ഭീഷണികളെ തുറന്ന് കാണിക്കുന്നതാണെന്ന് അവാര്‍ഡ് ഏറ്റു വാങ്ങി കൊണ്ട് സംവിധായിക ലോറ പൊയിട്രാസ് പറഞ്ഞു.

“സിറ്റിസണ്‍ ഫോര്‍” എഡിറ്റര്‍ മതില്‍ഡെ ബോണ്‍ഫോയ്, നിര്‍മാതാവ് ഡിര്‍ക്ക് വിലൂറ്റ്‌സ്‌കി സ്‌നോഡന്റെ കാമുകി ലിന്‍ഡ്‌സെ മില്‍സ് എന്നിവരും അവാര്‍ഡ് ദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ചിത്രത്തിന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ട്  ജനങ്ങള്‍ പുതുലോക ക്രമം കെട്ടിപ്പടുക്കുവാന്‍ ശ്രമിക്കണമെന്നും അവാര്‍ഡ് ലഭിച്ച വാര്‍ത്തയോട് സ്‌നോഡന്‍ പ്രതികരിച്ചു.

2014 ഒക്ടോബറിലായിരുന്നു “സിറ്റിസണ്‍ ഫോര്‍” റിലീസ് ചെയ്തിരുന്നത്. ലോകവ്യാപകമായി മികച്ച അഭിപ്രായം നേടിയിരുന്ന ഡോക്യുമെന്ററിയുടെ നിര്‍മാതാക്കള്‍ക്കെതിരെ അമേരിക്കയില്‍ നിയമ നീക്കം നടന്നിരുന്നു.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ ഇന്റര്‍നെറ്റ് ചോര്‍ത്തല്‍ പുറത്ത് വിട്ടതിലൂടെ അമേരിക്കയുടെ കണ്ണിലെ കരടായി മാറിയ സ്‌നോഡന്‍ റഷ്യയിലായിരുന്നു അഭയം കണ്ടെത്തിയിരുന്നത്.

നേരത്തെ 2013 ജൂണ്‍ മുതലായിരുന്നു അമേരിക്കയുടെ ചോര്‍ത്തല്‍ പദ്ധതികളെ കുറിച്ച് എഡ്വേര്‍ഡ് സ്‌നോഡന്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നത്. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ആഴ്ചയിലും സ്‌നോഡന്‍ കണ്ടെത്തിയ വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു.