ബംഗലൂരു: ഭരണഘടനാവിരുദ്ധ നീക്കങ്ങളിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ്. ഇത് കര്‍ണാടകയുടെ വിജയമാണെന്നും ഓപ്പറേഷന്‍ ലോട്ടസിന്റെ പരാജയമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

“ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസും ജെ.ഡി.എസും ഒന്നിച്ചുനിന്നു. അവിശുദ്ധ രാഷ്ട്രീയത്തിനും അഴിമതിയ്ക്കും അസത്യങ്ങള്‍ക്കുമെതിരെ ജനാധിപത്യം തന്നെ അവസാനം ജയിച്ചു. ”

കര്‍ണാടകയുടെ വികസനത്തെ ലക്ഷ്യമാക്കി സുസ്ഥിരമായ സര്‍ക്കാര്‍ വരുമെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

ALSO READ:  പാവം യെദ്യൂരപ്പ, കര്‍ണാടകയ്ക്ക് അഭിനന്ദനങ്ങള്‍, ജനാധിപത്യത്തിന്റെ വിജയം; യെദ്യൂരപ്പയുടെ രാജിയില്‍ ദേശീയ നേതാക്കളുടെ പ്രതികരണം

അത്യന്തം നാടകീയമായ സാഹചര്യങ്ങള്‍ക്കൊടുവിലാണ് യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്. വിശ്വാസ വോട്ടെടുപ്പിന് മിനിറ്റുകള്‍ ശേഷിക്കെയാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്. ദേശീയ തലത്തല്‍ തന്നെ ബി.ജെ.പിക്ക് നാണക്കേടുണ്ടാക്കുന്നതാണ് രാജി.

വികാരനിര്‍ഭരമായ പ്രസംഗത്തിനൊടുവിലാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്. പ്രസംഗത്തിനിടെ യെദ്യൂരപ്പ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. കോണ്‍ഗ്രസിനെതിരെയാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും യെദ്യൂരപ്പ ആരോപിച്ചു.

ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് തന്നെ ഭീഷണിയാവുന്ന തരത്തിലുള്ള നാടകീയത സൃഷ്ടിച്ച ബി.ജെ.പിയുടെ തന്ത്രങ്ങള്‍ക്കിടെ സുപ്രീംകോടതിയുടെ ഇടപെടല്‍ നിര്‍ണായകമായി.

ALSO READ:  മോദി ഇനി രാജ്യത്തെ അഴിമതിയെ കുറിച്ച് പഠിപ്പിക്കരുത്: സിദ്ധരാമയ്യ

ഭൂരിപക്ഷമില്ലാതെ മന്ത്രിസഭ രൂപീകരിക്കാന്‍ യെദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല യെദ്യൂരപ്പയ്ക്ക് 15 ദിവസം നല്‍കിയതും സുപ്രീം കോടതി ചോദ്യം ചെയ്തു. ഇതേ തുടര്‍ന്നാണ് ഇന്ന് വൈകിട്ട് 4 മണിക്ക് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കോടതി വിധിച്ചത്. ഇതോടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള വഴിയടഞ്ഞ ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാനാവാതെ, രാജിയല്ലാതെ മറ്റ് വഴികളില്ലാതായി.

കോണ്‍ഗ്രസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാക്കി. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തന്നെ ജെ.ഡി.എസുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാനുള്ള തീരുമാനമെടുത്താണ് കോണ്‍ഗ്രസ് ബി.ജെ.പിക്ക് ആദ്യ അടി നല്‍കിയത്. എന്നാല്‍ ഭൂരിപക്ഷത്തെ മാനിക്കാതെ ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. പക്ഷേ ഇതിനെതിരെ കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യം ശക്തമായാണ് ഇതിനെ പ്രതിരോധിച്ചത്. അര്‍ദ്ധരാത്രി തന്നെ സുപ്രീം കോടതിയെ സമീപിച്ച കോണ്‍ഗ്രസ് ഹരജിയിലാണ് ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് തടയിട്ട് ഇന്ന് വൈകിട്ട് തന്നെ വിശ്വാസ വോട്ട് നടത്താന്‍ കോടതി ഉത്തരവിട്ടത്.

WATCH THIS VIDEO: