ബംഗളൂരു: മോദി ഇനി അഴിമതിയെ കുറിച്ച് രാജ്യത്തിന് ക്ലാസെടുക്കരുതെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ. എം.എല്‍.എമാരെ കോഴകൊടുത്ത് വശത്താക്കാന്‍ ശ്രമിക്കുന്ന യെദിയൂരപ്പയെയും കര്‍ണാടക ബി.ജെ.പിയെയും തടയാനുള്ള ധാര്‍മ്മിക ബാധ്യത പോലും പ്രധാനമന്ത്രിക്കില്ലാതായെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് എം.എല്‍.എയെ സ്വാധീനിക്കാന്‍ യെദ്യൂരപ്പ ശ്രമിക്കുന്നതിന്റെ ഓഡിയോ ടേപ്പ് കോണ്‍ഗ്രസ് പുറത്തു വന്നിരുന്നു. ഹിരേകേരൂര്‍ എം എല്‍ എ ബി സി പാട്ടീലും യെദ്യൂരപ്പയും തമ്മിലുള്ള ടേപ്പാണ് പുറത്തുവന്നിരുന്നത്. സംഭാഷണത്തിനിടെ പാട്ടീലിന് യെദ്യൂരപ്പ ക്യാബിനറ്റ് പദവി വാഗ്ദാനം ചെയ്യുന്നുണ്ടായിരുന്നു. കൊച്ചിയിലേക്ക് പോകരുതെന്നും തിരിച്ചു വരണമെന്നും ടേപ്പില്‍ യെദിയൂരപ്പ പറയുന്നുണ്ട്.

കോണ്‍ഗ്രസ് എം.എല്‍.എ എമാരെ ബി.ജെ.പി സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പുറത്തുവിടുന്ന നാലാമത്തെ ഓഡിയോ ടേപ്പാണ് യെദ്യൂരപ്പയുടേത്.