
തിരുവനന്തപുരം: ലൈംഗിക വ്യാപരത്തിനായി നൂറ് കണക്കിന് മലയാളി യുവതികളെ വിദേശത്തേക്ക് കടത്തിയത് കേരള പോലീസിന്റെ സഹായത്തോടെയെന്ന് പിടിയിലായ പ്രതി ജോയ്‌സിന്റെ മൊഴി.
കേരള പൊലീസിലെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായത്തോടെയാണ് യുവതികളെ വിമാനത്താവളങ്ങള്‍ വഴി കടത്തിയതെന്ന് മൊഴിയില്‍ പറയുന്നുണ്ട്.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയിലാണ് ജോയ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി അച്ഛായന്റെ മകനാണ് ജോയ്‌സ്.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയാണ് യുവതികളെ കയറ്റി അയച്ചത്. ഈ മനുഷ്യക്കടത്തിന് ബഹ്‌റൈന്‍ എംബസിയിലെ മലയാളി ഉദ്യോഗസ്ഥന്റെ സഹായം ലഭിച്ചെന്നും ജോയ്‌സിന്റെ മൊഴിയിലുണ്ട്.
പെണ്‍കുട്ടികളെ നെടുമ്പാശേരി, മധുര, ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ എന്നീ വിമാനത്താവളങ്ങള്‍ വഴിയാണ് കടത്താറ്. കേസിലെ മറ്റൊരു പ്രതി മുജീബിന്റെ പരിചിതരായ പൊലീസ് ഉദ്യോഗസ്ഥര്‍ എമിഗ്രേഷന്‍ ഡ്യൂട്ടിയിലുള്ള ദിവസങ്ങള്‍ നോക്കിയാണ് പെണ്‍കുട്ടികളെ കടത്താറ്.
സൗദിയില്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഇപ്പോള്‍ ബഹ്‌റൈന്‍ കേന്ദ്രീകരിച്ചാണ് ബിസിനസ് നടക്കുന്നതെന്നും ജോയ്‌സ് മൊഴിയില്‍ പറയുന്നു.
ബഹ്‌റിനിലെ മലയാളിയായ എംബസി ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ക്കാവശ്യമായ വിസ ഒപ്പിച്ചെടുക്കുന്നത്.
വിദേശത്ത് പെണ്‍കുട്ടികളെ അയയ്ക്കുന്നത് അറിയാവുന്ന കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മാസം കഴിഞ്ഞ് പെണ്‍കുട്ടികള്‍ നാട്ടില്‍ വരുമ്പോള്‍ പണവും പാരിതോഷികങ്ങളും നല്‍കാറുണ്ടെന്നും മൊഴിയിലുണ്ട്.
മനുഷ്യക്കടത്ത് വിദേശത്തും വിമാനത്താവളങ്ങള്‍ വഴിയുമാണ് നടക്കാറുള്ളത് എന്നതുകൊണ്ട് തന്നെ കേസിന്റെ അന്വേഷണം എന്‍.ഐ.എയോ സി.ബി.ഐയെയോ ഏല്‍പ്പിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
