[]ന്യൂദല്‍ഹി: ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ ദേശീയ ഗാനം തെറ്റായി ആലപിച്ചതില്‍ ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്.

ചീഫ് സെക്രട്ടറി പൊതുഭരണ സെക്രട്ടറിയോട് വിശദീരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പങ്കെടുത്ത ചടങ്ങില്‍ ദേശീയ ഗാനം തെറ്റായി പാടിയത്.

ഉപരാഷ്ട്രപതി കേരളത്തിലെ ത്തിയതിന് ശേഷം പങ്കെടുത്ത ആദ്യ പരിപാടിയിലാണ് സംഘാടക പിഴവ് കൊണ്ട് തെറ്റുകളുടെ കൂട്ടപ്പെരുമഴയുണ്ടായത്.

ശശി തരൂരിന് ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് സമ്മാനിക്കലായിരുന്നു ചടങ്ങ്. ശ്രീനാരായണ ധര്‍മ സമിതിയായിരുന്നു പരിപാടിയുടെ സംഘാടകര്‍.

ചടങ്ങില്‍ അവതാരകനായ ജി.എസ് പ്രദീപ് നടത്തിയ പരാമര്‍ശങ്ങളിലും ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരണം തേടിയിട്ടുണ്ട്.
ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി ഏപ്രില്‍ ഒന്നിന് ജനിച്ചയാളാണെങ്കിലും ഒരു വിഡ്ഢിയല്ലെന്നും മറ്റും പറഞ്ഞായിരുന്നു അവതാരകന്റെ പരാമര്‍ശങ്ങള്‍.

ചടങ്ങ് ആരംഭിക്കുന്നതിന് മുന്‍പും പിന്‍പും ആലപിച്ച ദേശീയ ഗാനത്തില്‍ തെറ്റുകള്‍ കടന്നുകൂടിയിരുന്നു. സംഘാടകരില്‍ ഒരാളാണ് ദേശീയ ഗാനം ആലപിച്ചത്.

വികലമായ ആലാപന ശൈലിയും ജയഹേ എന്ന് ആവര്‍ത്തിച്ചു ചൊല്ലേണ്ട അവസാന ഭാഗം എണ്ണം പാലിക്കാതെ പെട്ടെന്ന് അവസാനിപ്പിച്ചതും വിവാദമായി.

ചടങ്ങിന്റെ തുടക്കത്തിലും സമാപനത്തിലും ദേശീയ ഗാനം പാടാന്‍ സംഘാടകര്‍ ആരേയും ഏല്‍പ്പിച്ചിരുന്നില്ല. അതിനാല്‍ സംഘാടകന്‍ തന്നെ ദേശീയഗാനാലാപനത്തിന് തയാറാകുകയായിരുന്നു. ദേശീയ ഗാനത്തിനൊടുവില്‍ എത്ര ” ജയ ഹേ ” യുണ്ടെന്നുപോലും ആലപിച്ചയാള്‍ക്ക് വ്യക്തതയില്ലായിരുന്നു.

ഇടക്കിടെ തെറ്റിയപ്പോള്‍ വേദിയിലുണ്ടായിരുന്ന വിശിഷ്ടാതിഥികള്‍ പോലും സ്തംബധരായി. പലരുടെയും മുഖത്ത് പരിഹാസചിരിയും കാണാമായിരുന്നു.