കോഴിക്കോട്: ഗോ സംരക്ഷകര്‍ പശുക്കളെ സംരക്ഷിക്കാന്‍ കാവലിരിക്കുന്നത് പോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിംഗ് മെഷിന് കാവലിരിക്കണമെന്ന് എഴുത്തുകാരന് എന്‍.എസ് മാധവന്.
എന്നാല്‍ ആള്‍കൂട്ട ആക്രമണങ്ങള്‍ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്ത് ഇ.വി.എമ്മുകള്‍ കടത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇ.വി.എം കൈകാര്യം ചെയ്തതില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.
പല ബൂത്തുകളില്‍ നിന്നും ഇ.വി.എം മെഷീനുകള്‍ മതിയായ സുരക്ഷയില്ലാതെ മാറ്റിയെന്നായിരുന്നു പ്രതിപക്ഷം പരാതിയില്‍ പറഞ്ഞത്.
യു.പിയിലും ബീഹാറിലും ഹരിയാനയിലും സ്ട്രോങ് റൂമുകളിലേക്ക് ഇ.വി.എമ്മുകള്‍ എത്തിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതിപക്ഷം പരാതിയുമായി രംഗത്തെത്തിയത്.
Just as cow vigilantes stop transport of cattle, political parties, 24×7, should watch, stop and report of movements of EVMs. Unlike cow vigilantes, they shouldn’t lynch. Elections long over legitimate EMSs are all inside strong rooms. #EVMSwitch
— N.S. Madhavan این. ایس. مادھون (@NSMlive) May 21, 2019
പല സ്ട്രോങ് റൂമുകളില്‍ നിന്നും ഇ.വി.എമ്മുകള്‍ മാറ്റിയെന്നും യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇവ കൈകാര്യം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
വോട്ടെടുപ്പ് ദിവസം വരെ പ്രവര്‍ത്തകര്‍ സ്ട്രോങ് റൂമുകള്‍ക്ക് മുന്പില് നിലയുറപ്പിക്കണമെന്നും വി.വിപാറ്റിലെ എണ്ണവും ഇ.വി.എമ്മിലെ എണ്ണവും കൃത്യമാണെന്നും ഓരോ ബൂത്തിലേയും പ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷം പാര്‍ട്ടിപ്രവര്‍ത്തകരോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എം അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നതിനിടെയായിരുന്നു അവസാനഘട്ട പോളിങ് കഴിഞ്ഞതിന് ശേഷവും സുരക്ഷയില്ലാതെ യു.പിയിലും ബീഹാറിലുമെല്ലാം ഇ.വി.എമ്മുകള്‍ സ്ട്രോങ് റൂമില്‍ എത്തിക്കുന്ന വീഡിയോകള്‍ പുറത്തുവന്നത്.
ബീഹാറിലെ മഹാരാജ്ഗഞ്ച്, സാരണ്‍ മണ്ഡലങ്ങളിലെ ഇ.വി.എമ്മുകള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകളിലേക്ക് ഇ.വി.എമ്മുകളുമായി എത്തിയ വാഹനങ്ങള്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ആര്.ജെ.ഡി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി. ഇവിടേക്ക് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഇവി.എമ്മുകള്‍ കൊണ്ടുവന്നതെന്നും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബി.ഡി.ഒയ്ക്ക് സാധിച്ചില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ചന്ദൗളിയില്‍ ഇവി.എം നിറച്ച് വന്ന ട്രക്ക് പിടികൂടിയത് പ്രതിഷേധത്തിന് കാരണമായി. പുറത്ത് വരുന്ന വീഡിയോകള്‍ പ്രകാരം സ്റ്റോറേജ് യൂണിറ്റുകളിലേക്ക് ഇ.വി.എമ്മുകള്‍ എത്തിക്കുന്നതായാണ് കാണിക്കുന്നത്.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് അവസാനിച്ചെന്നും പക്ഷെ ഇന്നാണ് മെഷീനുകള്‍ കൊണ്ടു വരുന്നതെന്നും വീഡിയോ പകര്‍ത്തിയ ആള് പറയുന്നതായി കേള്‍ക്കാം.
ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസ്, എസ്.പി-ബി.എസ്.പി പ്രവര്‍ത്തകര്‍ സ്വന്തം പ്രവര്‍ത്തകരെ ഞായറാഴ്ച മുതല്‍ തന്നെ ചന്ദൗളി മാര്‍ക്കറ്റിന് സമീപമുള്ള സ്ട്രോങ് റൂമിന് പുറത്ത് പ്രവര്‍ത്തകരെ കാവല്‍ നിര്‍ത്തുന്നുണ്ട്. ഞായറാഴ്ച മുതല്‍ ഇവിടെ ഇ.വി.എമ്മുകള്‍ സൂക്ഷിയ്ക്കുന്നുണ്ട്.
ഹരിയാനയിലെ ഫത്തേഹ്ബാദില്‍ സ്ട്രോങ്റൂമുകളിലേക്ക് ഇ.വി.എം നിറച്ച ട്രക്കുകള്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരും പങ്ക് വെച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥികളെ അറിയിക്കാതെ യു.പിയിലെ തന്നെ ഝാന്‍സിയിലും ഇ.വി.എമ്മുകള്‍ മാറ്റിയതായി ആരോപിക്കുന്ന ദൃശ്യങ്ങള്‍ വന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശപ്രകാരം വോട്ടെണ്ണല്‍ കഴിയുന്നത് വരെ ഇ.വി.എമ്മുകള്‍ക്ക് എല്ലാ സമയവും പൊലീസ് സുരക്ഷ വേണമെന്നും സ്ട്രോങ് റൂമുകളിലേക്കും പുറത്തേക്കും ഇവ മാറ്റുന്നത് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാവണമെന്നുമാണ്.
പോളിങിന് ഉപയോഗിച്ച ഇ.വി.എമ്മുകള്‍ എത്തിക്കുന്ന അതേ ദിവസം തന്നെ റിസര്‍വ് ഇ.വി.എമ്മുകളും എത്തിക്കണമെന്നും ഇവ രണ്ടും പ്രത്യേക സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശമുണ്ട്.
