തിരുവനന്തപുരം: നഗ്നതാപ്രദര്‍ശനമല്ല, ശരിക്കുവേണ്ടി പൊരുതിയ ഒരു ധീരയുടെ ജീവിതത്തിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് മിസ നാടകമെന്ന് ഡോ.ഷിംന അസീസ്. ആക്ടിവിസ്റ്റും അടിയന്തിരാവസ്ഥയുടെ രക്തസാക്ഷിയും കലാകാരിയുമായ സ്‌നേഹലതാ റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കി അവതരിപ്പിച്ച മിസ നാടക വിവാദത്തിലായിരുന്നു ഷിംന അസീസിന്റെ പ്രതികരണം.
പറയേണ്ട പലതും പൂഴ്ത്തി വെക്കുന്ന കാലത്ത് ചരിത്രങ്ങള്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി മാറ്റി എഴുതപ്പെടുന്ന ഇന്ത്യയില്‍ ഇതൊക്കെ വിളിച്ച് പറയാതെ എങ്ങനാണെന്നും ഷിംന അസീസിസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
സ്‌നേഹലത റെഡ്ഡി എന്ന സ്വാതന്ത്ര്യസമരസേനാനി കൂടിയായ ആന്ധ്രക്കാരിയായ അഭിനേത്രിയെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് പറഞ്ഞു തന്നത് അന്നാട്ടില്‍ നിന്നുമുള്ള അടുത്ത സുഹൃത്ത് ഡോ. മാധുരിയാണ്… എന്ന വരികളോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.
‘ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ ഏകാധിപത്യം വാണ അടിയന്തരാവസ്ഥകാലത്ത് ആ സ്ത്രീ അനുഭവിക്കേണ്ടി വന്ന കാര്യങ്ങളും വായിച്ചത് ആദ്യമായി അവരുടെ പേര് കേട്ട ദിവസമാണ്.
ജയിലിലേക്ക് ചെന്ന് കയറിയ ഉടനെ വിവസ്ത്രരാക്കപ്പെടേണ്ടി വന്നിരുന്ന, അതിക്രൂരമായ പീഡനം സഹിക്കേണ്ടി വന്നിരുന്ന അനേകം സ്ത്രീകള്‍ക്ക് വേണ്ടി, അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന ചീഞ്ഞളിഞ്ഞ ഭക്ഷണത്തിന് എതിരെ, തടവറയില്‍ ശുദ്ധമായ കുടിവെള്ളം നിഷേധിക്കപ്പെടുന്നതിനെതിരെ ശബ്ദം ഉയര്‍ത്തിയിരുന്ന ലോകം സ്‌നേഹത്തോടെ ‘സ്‌നേഹ’ എന്ന് വിളിക്കപ്പെട്ടിരുന്ന മഹതിയുടെ കഥയാണത്.’ ഷിംന പറഞ്ഞു.
അവരുടെ ശബ്ദം പല തടവുപുള്ളികള്‍ക്കും ശബ്ദിക്കാനുള്ള ഊര്‍ജവും ധൈര്യവും നല്‍കിയപ്പോഴും, സ്വന്തം ആസ്തമക്കോ ശ്വാസകോശ അണുബാധക്കോ ചികിത്സ കിട്ടാതെ ഒരു പരോള്‍ കാലത്താണ് സ്‌നേഹലത റെഡ്ഡി അന്തരിക്കുന്നത്. ആ നാടകം ലൈംഗികചുവയുള്ള നഗ്‌നതാപ്രദര്‍ശനമല്ല. പാര്‍ട്ടി വേദിയില്‍ ആണെന്നത് കൊണ്ട് മാത്രം വിമര്‍ശിക്കുന്നവര്‍ ഉണ്ടാവാം, അവരുടെ ആവശ്യം വേറെയാണ്, ആ ഉദ്ദേശ്യങ്ങള്‍ തിരുത്താനാവില്ല, അതിനൊട്ട് മുതിരുന്നുമില്ല.
‘പക്ഷേ, സ്ത്രീശരീരം അനുഭവിച്ച പീഡനങ്ങള്‍, സ്വകാര്യതാലംഘനങ്ങള്‍, നിയമം അവരെ സംരക്ഷിക്കേണ്ട സമയങ്ങളില്‍ പോലും നേരിട്ട ലൈംഗികവത്ക്കരണം ഒക്കെ ഇങ്ങനെയല്ലാതെ എങ്ങനെയാണ് ദൃശ്യവല്‍ക്കരിക്കുക? അപ്പോഴും സാമൂഹികമായ അതിരുകള്‍ക്കിടയില്‍ നിന്ന് കൊണ്ടാണ് ആ ദൃശ്യങ്ങള്‍ ഉള്ളത്, അതൊരു കലാസൃഷ്ടിയാണ്.
ശരിക്ക് വേണ്ടി പൊരുതിയ ഒരു ധീരയുടെ ജീവിതത്തിന്റെ ദൃശ്യവിഷ്‌കാരമാണ്…മുലയൂട്ടുന്ന അമ്മയുടെ മാറില്‍ കുഞ്ഞിപൈതലിന്റെ ചുണ്ട് ചേരുന്നത് വീഡിയോ എടുത്തു പരത്തുന്നതില്‍ സുഖം കണ്ടെത്തുന്നവരുടെ മനസ്ഥിതിയിലേക്ക് അധഃപതിക്കരുത് നമ്മള്‍ മനുഷ്യര്‍.
സ്ത്രീശരീരം പറയുന്നൊരു രാഷ്ട്രീയം ഉണ്ട്, ശക്തമായ സന്ദേശമുണ്ട്. ‘പെണ്ണിന്റെ മാനം കാക്കാന്‍’ എന്ന് പറഞ്ഞ് പെണ്ണിനെ രാജ്യത്തിന്റെ സ്വത്തുക്കളില്‍ ഒന്നായി കണ്ട് സംരക്ഷിച്ച രാജഭരണകാലത്തെ കഥകള്‍ കേട്ടിട്ടില്ലേ? യുദ്ധങ്ങളില്‍ വിജയഭേരി മുഴക്കുന്നേരം ശത്രുരാജ്യത്തെ സ്ത്രീ ശരീരങ്ങള്‍ ബലമായി പ്രാപിച്ചു പൗരുഷം തെളിയിക്കുന്ന നീചകൃത്യം മൃഗങ്ങള്‍ പോലും ചെയ്‌തേക്കില്ല. എത്രയോ എതിര്‍ത്തതിന് ശേഷമാണ് ‘മാനഭംഗം’ എന്ന വാക്ക് പോലും ഉപയോഗിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.
ലൈംഗിക അതിക്രമം നേരിടേണ്ടി വന്നവളുടെ മാനം എങ്ങോട്ടും പോണില്ല, ചെയ്യുന്ന ആളാണ് ശിക്ഷിക്കപ്പെടേണ്ടത്, അയാളുടെ മാനമാണ് പോകേണ്ടത്. നമ്മള്‍ എല്ലാവരും പഠിച്ചത് തിരുത്തി റി-ലേണ്‍ ചെയ്യുക തന്നെയാണ്. ബിഹാറില്‍ വര്‍ഷാവര്‍ഷം നടക്കുന്ന സോന്‍പൂര്‍ മേള എന്ന കാലിച്ചന്തയില്‍ ‘തീയറ്റര്‍’ എന്ന് വിളിക്കുന്ന ഇടത്ത് ഈ അഭിനേത്രി ധരിച്ചതില്‍ കൂടുതല്‍ വസ്ത്രം ധരിച്ചു മത്തി അടുക്കിയത് പോലെ ചെറിയ പെണ്‍കുട്ടികളെ വേദിയില്‍ നിരത്തി നിര്‍ത്തിയത് കണ്ട് ഉള്ളുലഞ്ഞു പോയത് മുന്‍പ് എഴുതിയിട്ടുണ്ട്.
അവരെ കാണാനും ഉറക്കെ അശ്ലീലം വിളിച്ച് പറയാനും അവരുടെ ഫോട്ടോ എടുത്തു കൊണ്ട് പോയി അത് നോക്കി മോഹം തീര്‍ക്കാനും പതിനായിരങ്ങളുടെ ടിക്കറ്റ് എടുത്ത് ചുറ്റും നിന്ന് വരുന്നവരുണ്ട്. പലരും ഗതികേട് കൊണ്ടും ചതിക്കപ്പെട്ടും ഒക്കെ ഇതിലേക്ക് വന്നു പെടുന്ന പെണ്‍കുട്ടികള്‍ ആണ്.
ഒളിഞ്ഞും തെളിഞ്ഞും മതപരമായ യാത്രകളില്‍ പോലും ഇവിടങ്ങളില്‍ നടക്കുന്ന ‘ആര്‍ക്കസ്ട്ര’ എന്ന ആഭാസനൃത്തം ഇപ്പഴും അത്ര അപൂര്‍വ്വമൊന്നുമല്ല.
നളന്ദയില്‍ ഈ കഴിഞ്ഞ വര്‍ഷമാണ് ഒരു സ്ത്രീയുടെ നെഞ്ചില്‍ അമര്‍ത്തി നടുറോഡിലൂടെ നടത്തുന്ന വിഡിയോ പുറത്തു വന്നത്. മണിപ്പൂരില്‍, എന്തിന് ഈ ജൂണില്‍ ഝാര്‍ഖണ്ഡില്‍ നഗ്‌നരായി നടത്തല്‍ സംഭവിച്ചിട്ടുണ്ടെന്ന് വാര്‍ത്തകള്‍ ഉണ്ട്. അന്നേരമൊന്നും തിളക്കാത്ത ഏത് ചോരയാണ് നമുക്കിപ്പോള്‍ തിളച്ചത്? അവിടെയൊന്നും പൊട്ടാത്ത കുരു, അവകാശങ്ങള്‍ക്ക് വേണ്ടി തല ഉയര്‍ത്തിയ ഒരു സ്ത്രീയെ സ്റ്റേജില്‍ അവതരിപ്പിച്ചതിന് ആര്‍ക്കെങ്കിലും പൊട്ടിയിട്ടുണ്ടെങ്കില്‍, ചെവിക്കിടയിലെ അവയവം തലച്ചോറ് തന്നെയാണോ എന്നൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
ഇനിയും സംശയം തീരാത്തവര്‍ ആ വേദിയില്‍ നടന്നത് ഡാന്‍സ് ആണോ നാടകം ആയിരുന്നോ, എന്താണ് അവിടെ ദൃശ്യവല്‍ക്കരിപ്പെട്ടത് എന്നൊന്ന് കണ്ടോളൂ. പറയേണ്ട പലതും പൂഴ്ത്തി വെക്കുന്ന കാലത്ത്, ചരിത്രങ്ങള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാറ്റി എഴുതപ്പെടുന്ന ഇന്ത്യയില്‍, ഇതൊക്കെ വിളിച്ച് പറയാതെ എങ്ങനാണ്? സ്ത്രീശരീരം എന്നാല്‍ ലൈംഗികോപാധി മാത്രമല്ല. പലപ്പോഴും അതിനോളം ശക്തമായ പ്രതീകം വേറെ കണ്ടെത്തേണ്ടി വരും.
ഈ നാടകദൃശ്യങ്ങളില്‍ ആ നടിയുടെ ആര്‍ത്തുകരച്ചിലും അപമാനത്തിന്റെയും വേദനയുടേയും ദൃശ്യവിഷ്‌കരണവും ഉണ്ട്, ട്രോമ ഹിസ്റ്ററി ഉള്ളവരും ഭയമുള്ളവരും കാണാതെ ഒഴിവാക്കിക്കോളൂ… വേദനിച്ചേക്കാം. വീഡിയോ ലിങ്ക് താഴെ കമന്റില്‍ കൊടുക്കുന്നു,’ ഷിംന അസീസിന്റെ കുറിപ്പില്‍ പറയുന്നു.
Content Highlights: Not an act of indecent exposure; the life of a brave woman who fought for what is right: Dr. Shimna Azeez on the ‘Misa’ play controversy.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.