തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസും പൊലീസും സംയുക്തമായി വിദ്യാർത്ഥികൾക്ക് നേരെ നടത്തിയത് ആസൂത്രിതവും ഏകപക്ഷീയവുമായ അതിക്രമമാണെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആഭ്യന്തര മന്ത്രിയ്ക്ക് കത്തയച്ചു.

സമര പരിപാടികൾ സാധാരണയായി ആരംഭിക്കാറുള്ള രക്തസാക്ഷി മണ്ഡപമോ ആശാൻ സ്ക്വയറോ ഒഴിവാക്കി യൂണിവേഴ്സിറ്റി ഹോസ്റ്റൽ പരിസരത്തുനിന്ന് മാർച്ച് സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് നടപടി ദുരൂഹമാണ്. ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. അതിനാൽ ഈ മാർച്ചിന് ഹോസ്റ്റൽ പരിസരത്തുനിന്ന് ആരംഭിക്കാൻ പൊലീസ് അനുമതി നൽകിയിരുന്നോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

‘സെപ്റ്റംബർ 30-ന് രാത്രി യാതൊരു പ്രകോപനവുമില്ലാതെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റലിന് നേരെ തീപ്പന്തങ്ങൾ ഉൾപ്പെടെ വലിച്ചെറിഞ്ഞത്. ഇതേത്തുടർന്ന് ഹോസ്റ്റലിലേക്ക് തീപടരുകയും അഗ്നിരക്ഷാ സേനയെത്തി തീയണക്കേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തു. വടിവാളും കരിങ്കല്ലും ബിയർ കുപ്പികളുമായി എത്തിയ ഇരുന്നൂറോളം വരുന്ന അക്രമിസംഘം ക്യാമ്പസ് വളഞ്ഞ് അക്രമം അഴിച്ചുവിട്ടപ്പോൾ പൊലീസ് കാഴ്ചക്കാരായി നോക്കിനിൽക്കുകയായിരുന്നു. ജില്ലാ അധ്യക്ഷൻ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതൃത്വം ഹോസ്റ്റലിലേക്ക് കല്ലെറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്ന്’ അദ്ദേഹം കത്തിൽ പറഞ്ഞു.

പ്രശ്നപരിഹാരത്തിനെന്ന വ്യാജേന ഹോസ്റ്റൽ വാർഡന്റെ അനുമതിയില്ലാതെ ഗേറ്റ് തകർത്ത് അകത്തുകയറിയ പൊലീസ്, എസ്.എഫ്.ഐ പ്രവർത്തകരെ ക്രൂരമായി ലാത്തിച്ചാർജ് ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വിദ്യാർത്ഥികളെ ശാന്തരാക്കാൻ എത്തിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെപ്പോലും പൊലീസ് ക്രൂരമായി മർദിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും നാൽപ്പതോളം പേർക്ക് മർദനമേൽക്കുകയും ചെയ്തു. ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസ് യൂത്ത് കോൺഗ്രസുകാർ തടഞ്ഞുവെച്ച മനുഷ്യത്വരഹിതമായ സംഭവത്തിന് പൊലീസ് മൗനാനുവാദം നൽകിയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പൊലീസിന്റെ ഇരട്ടനീതി കത്തിൽ ശക്തമായി വിമർശിക്കപ്പെടുന്നുണ്ട്. കന്റോൺമെന്റ് സ്റ്റേഷന് തൊട്ടടുത്ത് വെച്ച് ഒരു മന്ത്രിയെ ഔദ്യോഗിക വാഹനത്തിൽനിന്ന് ഇറക്കിവിട്ട യുവമോർച്ചക്കാർക്കെതിരെ ലാത്തിയെടുക്കാത്ത പൊലീസാണ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥികളുടെ തലതല്ലിപ്പൊളിച്ചത്. കാസർഗോഡ് കായിക മന്ത്രിയെ കരിങ്കൊടി കാണിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും, സമാനമായ പ്രതിഷേധം നടത്തിയ യുവമോർച്ചക്കാർക്ക് ജാമ്യം ലഭിക്കുന്ന വകുപ്പുകളും ചുമത്തുന്ന കേരള പൊലീസിന്റെ ഇരട്ടനീതി തന്നെയാണ് ഇവിടെയും ആവർത്തിക്കപ്പെടുന്നത് എന്ന് പിണറായി കത്തിൽ പറഞ്ഞു.

സർക്കാർ സ്ഥാപനമായ ഹോസ്റ്റൽ തകർത്ത യൂത്ത് കോൺഗ്രസുകാർക്കെതിരെ പി.ഡി.പി.പി ആക്ട് പ്രകാരം ജാമ്യമില്ലാ കേസ് എടുക്കാവുന്ന സാഹചര്യമുണ്ടായിട്ടും പൊലീസ് മൃദുസമീപനമാണ് സ്വീകരിച്ചത്. എന്നാൽ പൊലീസിന്റെ തേർവാഴ്ചയ്ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ സി.പി.ഐ.എം നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയ് എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു.
എസ്.എഫ്.ഐ വിദ്യാർത്ഥികളോട് നിരന്തരം മുൻവിധിയോടും അപമര്യാദയോടും പെരുമാറുന്ന കന്റോൺമെന്റ് എസ്.ഐയുടെ നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഈ ഉദ്യോഗസ്ഥൻ, ആ ഭീഷണി സംഭാഷണത്തിൽ ആഭ്യന്തര മന്ത്രിയുടെ പേരുൾപ്പെടെ പരാമർശിക്കുന്ന തലത്തിലേക്ക് തരംതാണു. കേരളത്തിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്നുള്ള കന്റോൺമെന്റ് എസ്.ഐയുടെ ഭീഷണി സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന പ്രവൃത്തിയാണ്. ജനാധിപത്യ പ്രക്രിയയ്ക്ക് തെല്ലും വിലകൽപ്പിക്കാത്ത ഇത്തരം നടപടികളിലേക്ക് സർക്കാർ പോകുന്നത് അതീവ ഗൗരവകരമാണ്. പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള 2011-ലെ കേരള പോലീസ് ആക്ട് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായതെന്നും പിണറായി വിജയൻ കത്തിൽ വ്യക്തമാക്കി.

വിദ്യാർത്ഥികളെ ആക്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും, അധികാരം ദുർവിനിയോഗം നടത്തി ഏകപക്ഷീയമായി അക്രമം അഴിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight:Thiruvananthapuram University Hostel Incident: Action sought against the collusion between the Youth Congress and the police; Pinarayi Vijayan writes to the Home Minister.