നാറ്റോയ്ക്ക് എതിരായ ട്രംപിന്റെ വാദത്തെ തള്ളി നോർവീജിയൻ പ്രധാനമന്ത്രി
World
നാറ്റോയ്ക്ക് എതിരായ ട്രംപിന്റെ വാദത്തെ തള്ളി നോർവീജിയൻ പ്രധാനമന്ത്രി
മുഹമ്മദ് നബീല്‍
Tuesday, 3rd February 2026, 11:02 pm

ഓസ്ലോ: നാറ്റോയിൽനിന്ന് അമേരിക്കയ്ക്ക് ഒന്നും ലഭിച്ചില്ല എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ തള്ളി നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ.

തങ്ങൾ നാറ്റോയ്ക്ക് എല്ലാം നൽകിയിട്ടുണ്ടെന്നും എന്നാൽ നാറ്റോ തങ്ങൾക്ക് തിരിച്ചൊന്നും നൽകിട്ടില്ലെന്ന ട്രംപിന്റെ ദാവോസിലെ പരാമർശത്തെയാണ് ജോനാസ് ഗഹർ തള്ളിപ്പറഞ്ഞത്.

ട്രംപിന്റെ വാദങ്ങൾ പൂർണമായും തെറ്റാണ് എന്ന് ഗഹർ സ്റ്റോർ ഓസ്ലോയിലെ സെക്യൂരിറ്റി കോൺഫെറെൻസിൽ പറഞ്ഞു.

കൂട്ടായ സുരക്ഷ ഔദാര്യമല്ലെന്നും അത് സ്വാർത്ഥ താല്പര്യങ്ങൾക്ക് പുറത്തുള്ളതാണെന്നുമായിരുന്നു ജോനാസ് ഗഹറിന്റെ ട്രംപിനുള്ള മറുപടി.

ഗ്രീൻലാൻഡ് പിടിച്ചെടുക്കുന്നതിന് വേണ്ടി അമേരിക്ക നാറ്റോ അംഗരാജ്യങ്ങൾക്കുമുകളിൽ താരിഫ് ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചത് ജോനാസ് ഗഹർ സ്റ്റോർ എടുത്തുപറഞ്ഞു.

മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ യൂറോപ്പിന്റെ സുരക്ഷയിൽ അമേരിക്കയുടെ പങ്ക് പുനർവിചിന്തനം ചെയ്യണമെന്നും, സുരക്ഷ, പ്രതിരോധം, വ്യാപാരം എന്നിവയിൽ യൂറോപ്യൻ സഹകരണം കൂടുതൽ ആഴത്തിലാക്കണമെന്നും നോർവീജിയൻ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

തങ്ങൾ പ്രതിരോധ മേഖലയിൽ ബുദ്ധിപൂർവം നിക്ഷേപം നടത്തുമെന്നും അത് യൂറോപ്യൻ താല്പര്യങ്ങളുമായി യോജിക്കുന്നതാണെന്നും പറഞ്ഞ പ്രധാനമന്ത്രി മറ്റ് യൂറോപ്യൻ രാജ്യങ്ങളോടും ഈ മാതൃക പിന്തുടരാൻ ആവശ്യപ്പെട്ടു.

യൂറോപ്യൻ യൂണിയൻ(ഇ.യു) നമ്മുടെ സുരക്ഷയ്ക്കു നിർണായകമാണ്, എന്നാൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക് നാറ്റോയുടെ സൈനിക ശേഷിയുടെ 20 ശതമാനം മാത്രമേയുള്ളു. ബാക്കി 80 ശതമാനവും ഇ.യു അംഗമല്ലാത്ത യു.എസ്, കാനഡ, തുർക്കി, യുകെ, നോർവേ തുടങ്ങിയ രാജ്യങ്ങളാണ് കയ്യാളുന്നതെന്നും ജോനാസ് ഗഹർ സ്റ്റോർ സെക്യൂരിറ്റി കോൺഫറൻസിൽ പറഞ്ഞു.

Content Highlight:Norwegian premier rejects Trump’s claim that US gets nothing from NATO

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം