യു.എസിന്‌റെ 51-ാം സംസ്ഥാനമാവാന്‍ ഞങ്ങള്‍ ആലോചിക്കുന്നില്ല: വെനസ്വേല പ്രസിഡന്റ്
World
യു.എസിന്‌റെ 51-ാം സംസ്ഥാനമാവാന്‍ ഞങ്ങള്‍ ആലോചിക്കുന്നില്ല: വെനസ്വേല പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th May 2026, 9:54 am

ഹേഗ്: യു.എസിന്‌റെ 51-ാം സംസ്ഥാനമാവാന്‍ തന്‌റെ രാജ്യം ആലോചിക്കുന്നില്ലെന്ന് വെനസ്വേല ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ്. വെനസ്വേലയെ തങ്ങളുടെ 51-ാം സംസ്ഥാനമാക്കുന്ന കാര്യം ഗൗരവകരമായി പരിഗണിക്കുന്നുവെന്ന യു.എസ് പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപിന്‌റെ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു റോഡ്രിഗസ്.

തങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും ചരിത്രവും സംരക്ഷിക്കുന്നത് തുടരുമെന്ന് റോഡ്രിഗ്രസ് പറഞ്ഞു. വെനസ്വേല ഒരു കോളനിയല്ലെന്നും ഒരു സ്വതന്ത്ര രാജ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹേഗില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

എണ്ണ-ധാതു നിക്ഷേപമുള്ള എസ്സെക്വിബോ മേഖലയുമായി ബന്ധപ്പെട്ട് വെനസ്വേലയും അയല്‍ രാജ്യമായ ഗയാനയും തമ്മിലുള്ള തര്‍ക്കത്തില്‍ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ ഹാജരാവാന്‍ എത്തിയതായിരുന്നു ഡെല്‍സി റോഡ്രിഗസ്.

ജനുവരിയിലാണ് റോഡ്രിഗ്രസ് ആക്ടിങ് പ്രസിഡന്റായി സ്ഥാനമേറ്റത്. വെനസ്വേലന്‍ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡൂറോയെ യു.എസ് സൈനിക ഇടപെടലിലൂടെ പുറത്താക്കിയതിന് പിറകെയായിരുന്നു അത്.

തിങ്കളാഴ്ച ഫോക്‌സ് ന്യൂസിനോട് സംസാരിക്കുമ്പോഴായിരുന്നു വെനസ്വേലയെ യു.എസ് സംസ്ഥാനമാക്കുന്ന കാര്യം പരിഗണിക്കുന്നുവെന്ന് ട്രംപ് പറഞ്ഞത്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വൈറ്റ് ഹൗസിന്റെ നിലപാട് തേടിയിരുന്നെങ്കിലും പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല.

കാനഡയെക്കുറിച്ചും സമാന പരാമര്‍ശം ട്രംപ് നടത്തിയിരുന്നു. 2024ല്‍ ട്രംപ് രണ്ടാം തവണ അധികാരമേറ്റതിന് പിറകെയായിരുന്നു കാനഡയെ യു.എസിന്റെ 51-ാം സംസ്ഥാനമാക്കുമെന്ന് അവകാശപ്പെട്ടത്. ഗ്രീന്‍ലാന്‍ഡ് ദ്വിപ് സ്വന്തമാക്കുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

നികോളാസ് മഡൂറോയെ സൈനിക നടപടിയിലൂടെ പുറത്താക്കിയ ശേഷം ഈ വര്‍ഷം യു.എസ് എംബസി വെനസ്വേലയില്‍ പുനരാരംഭിച്ചിരുന്നു. വെനസ്വേലയിലേക്ക് യു.എസില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കഴിഞ്ഞ മാസവും പുനരാരംഭിച്ചിരുന്നു.

Content Highlight: No plans to become 51st state of US: Venezuela acting President Delcy  Rodriguez