ചെന്നൈ: നീറ്റിനെ ശക്തമായെതിര്‍ത്ത് തമിഴ്‌നാട് സംസ്ഥാന ബജറ്റ്. നീറ്റ് പരീക്ഷ റദ്ദാക്കി മെഡിക്കല്‍ പ്രവേശനം പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നടത്തണമെന്ന് ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ടി.വി.കെ നയിക്കുന്ന സഖ്യ സര്‍ക്കാറിന്റെ ആദ്യ ബജറ്റാണിത്. സാമൂഹ്യനീതിക്കും സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ക്കും വിരുദ്ധമാണ് നീറ്റെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി എന്‍. മേരി വില്‍സണ്‍ ആവര്‍ത്തിച്ചു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സി.ജെ.പിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ജന്തര്‍ മന്തറില്‍ നടന്നിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുകയും ചെയ്തു.
നീറ്റില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഉയരുന്ന പ്രതിഷേധം കണക്കിലെടുത്താണ് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ ശക്തമായ നിലപാടെടുത്തത്.
വിദ്യാഭ്യാസ മേഖലയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് ബജറ്റ് അവതരിപ്പിച്ചത്. മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നേതൃത്വത്തില്‍ മികച്ച ഭരണമാണ് സംസ്ഥാനത്തില്‍ നടക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 44,527 കോടി അനുവദിച്ചു. സംസ്ഥാനത്തുടനീളമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വെട്രി ലാപ്‌ടോപ്പ് പദ്ധതി പ്രഖ്യാപിച്ചു. ഭിന്നശേഷി ക്ഷേമത്തിനായി 1,458 കോടി വകയിരുത്തി.
2031-ഓടെ സംസ്ഥാനത്തെ 1.5 ട്രില്ല്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള പ്രധാന പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മധുരയില്‍ പുതിയ സ്‌പെഷ്യല്‍ ലോ കോളേജും 90 കോടി ചെലവില്‍ അഞ്ച് പുതിയ ഐ.ടി.ഐകളും ആരംഭിക്കും, സംസ്ഥാനത്തിന്റെ സാമ്പത്തിക കടം ഇരട്ടിയായ സാഹചര്യത്തില്‍ മദ്യ ഉത്പാദന കേന്ദ്രങ്ങള്‍ക്ക് പ്രത്യേക നികുതിയേര്‍പ്പെടുത്തി അധികവരുമാനം കണ്ടെത്തുമെന്നും ബജറ്റില്‍ പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കുള്ള പദ്ധതികള്‍ ആദ്യഘട്ടങ്ങളില്‍ അതിവേഗത്തില്‍ നടപ്പിലാക്കും.
ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പോരിനും ഡി.എം.കെ പ്രതിഷേധങ്ങള്‍ക്കും ഇടയിലാണ് ബജറ്റ് അവതരണം നടന്നത്.
Content Highlight: No NEET, Plus Two marks suffice; Tamil Nadu government urges Centre in first budget
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.