പുതിയ തലമുറ ചോദ്യം ചോദിക്കും; ചോദ്യം ചെയ്യുന്നിടത്ത് നമുക്ക് കിട്ടുന്നത് ഒരു ധൈര്യമാണ്: നിവിന്‍ പോളി
Kerala
പുതിയ തലമുറ ചോദ്യം ചോദിക്കും; ചോദ്യം ചെയ്യുന്നിടത്ത് നമുക്ക് കിട്ടുന്നത് ഒരു ധൈര്യമാണ്: നിവിന്‍ പോളി
റെന്വര്‍ പി
Wednesday, 29th July 2026, 4:52 pm

തിരുവനന്തപുരം: പുതിയ തലമുറ ചോദ്യം ചോദിക്കുന്നവരാണെന്നും അവര്‍ അക്കൗണ്ടബിളിറ്റിക്കായി ആവശ്യപ്പെടുന്നവരാണെന്നും നിവിന്‍ പോളി. ചോദ്യം ചെയ്യുന്നിടത്ത് നമുക്ക് കിട്ടുന്നത് ഒരു ധൈര്യമാണ്. ഇത് നിയമം കൃത്യമായിട്ട് പ്രവര്‍ത്തിക്കാനായിട്ട് അധികാരികളെ നിര്‍ബന്ധിതരാക്കുമെന്നും നിവിന്‍ പോളി പറഞ്ഞു.

‘പുതിയ തലമുറയില്‍ ഞാന്‍ കാണുന്ന ഒരു കാര്യമാണ് അവര്‍ ചോദ്യം ചെയ്യും എന്നത്. അവര്‍ തെളിവുകള്‍ ആവശ്യപ്പെടും. അവര്‍ അക്കൗണ്ടബിലിറ്റി എടുക്കാനായിട്ട് ആവശ്യപ്പെടുന്നുണ്ട്.

ചോദ്യം ചെയ്യുന്നിടത്ത് നമുക്ക് കിട്ടുന്നത് ഒരു ധൈര്യമാണ്. നിയമം കൃത്യമായിട്ട് പ്രവര്‍ത്തിക്കാനായിട്ട് അധികാരികളെ നിര്‍ബന്ധിതരാക്കുന്ന ഒരു കാര്യമുണ്ട്. കള്ളത്തരങ്ങള്‍ ഇല്ലാതാകുന്നുണ്ട്.

ഇപ്പോള്‍ ഈ പുതിയ തലമുറ മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ അല്ലെങ്കില്‍ അവരുടെ മനസ്സിനനുസരിച്ച് അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ നിയമവും അധികാരവും മുന്നോട്ടു പോകുന്നത് വളരെ വലിയൊരു തുടക്കമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, നിവിന്‍ പോളി പറഞ്ഞു.

സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച അഴിമതി വിരുദ്ധ കാംപയിനായ പ്രോജക്ട് സീറോയുടെ ഭാഗമായി നടത്തുന്ന വിജിലന്‍സ് കമാന്‍ഡോ ഇനിഷ്യേറ്റീവ് എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നിവിന്‍. ഒരു വ്യക്തിയുടെ അവസരം ഇല്ലാതാക്കുന്നതും ഒരു വിദ്യാര്‍ത്ഥിയുടെ അവസരം ഇല്ലാതാകുന്നതും അഴിമതിയാണെന്നും നിവിന്‍ അദ്ദേഹം പറഞ്ഞു.

‘പണം കൊണ്ട് കൊടുക്കുന്ന ഒരു കൈക്കൂലി മാത്രമല്ല അഴിമതി എന്നുള്ളത്. ഒരു വ്യക്തിയുടെ അവസരം ഇല്ലാതാക്കുന്നത്, ഒരു വിദ്യാര്‍ത്ഥിയുടെ അവസരം ഇല്ലാതാകുന്നത്, എത്ര പഠിച്ചാലും കുറുക്കുവഴിയിലൂടെ മുന്നോട്ടു പോകുന്നവര്‍ക്കാണ് വിജയം എന്ന് ഉണ്ടാക്കുന്ന ഒരു തോന്നല്‍, ഇല്ലെങ്കില്‍ നമുക്ക് എത്ര മെറിറ്റ് ഉണ്ടെങ്കില്‍ പണവും അധികാരവും കൊണ്ട് ഇതെല്ലാം മറികടക്കാന്‍ പറ്റും എന്നുള്ള ഒരു വിശ്വാസം, ഇതെല്ലാം കറപ്ഷന്റെ അല്ലെങ്കില്‍ ഒരു അഴിമതിയുടെ ഭാഗമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ നിവിന്‍ പറഞ്ഞു.

ഇതില്‍ ഏറ്റവും വലിയ പ്രശ്‌നം നേരായ വഴിയിലൂടെ സഞ്ചരിച്ചിട്ട് ഒരു കാര്യമില്ല എന്ന് ഉണ്ടാക്കുന്ന ഒരു തോന്നലാണ്. നമ്മള്‍ എത്ര നന്നായി പ്രവര്‍ത്തിച്ചാലും ഇതുകൊണ്ടൊന്നും ഒരു കാര്യമില്ല അപ്പുറത്ത് പണവും അധികാരവും കൊണ്ട് മാത്രമേ വിജയിക്കാന്‍ പറ്റൂ എന്നുള്ള ഒരു ഒരു ധാരണ നമ്മുടെ ഈ സമൂഹത്തില്‍ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഒരു സമൂഹം നിലനില്‍ക്കുന്നത് നിയമത്തിലുള്ള വിശ്വാസത്തിലാണ്. നമ്മുടെ ചുറ്റുമുള്ള, നമ്മുടെ ഗവണ്‍മെന്റിലും നമ്മുടെ നിയമത്തിലുള്ള ഒരു വിശ്വാസത്തിലാണ് നമ്മള്‍ എല്ലാവരും നിലനില്‍ക്കുന്നത്. അപ്പോള്‍ എന്നാണോ ആ നിയമത്തിലുള്ള വിശ്വാസം നമുക്ക് നഷ്ടപ്പെടുന്നത് ആ സമൂഹവും പതുക്കെ തകരാന്‍ തുടങ്ങും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്,’ നിവിന്‍ പറഞ്ഞു.

‘ഞാന്‍ മനസ്സില്‍ ഒരുപാട് നാളായിട്ട് ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് ആന്റി കറപ്ഷന്‍ എന്നുള്ളത്. അത് സിനിമയിലും സമൂഹത്തിലും നമ്മുടെ ചുറ്റുപാടിലും പല രീതിയില്‍ നമ്മള്‍ കാണുന്നുണ്ട്. ഇതിനെല്ലാം ഒരു മാറ്റം ഉണ്ടാവട്ടെ. ഇതിന് ധൈര്യത്തോടെ മുന്നോട്ടു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കണം.

അതിനുള്ള ഒരു ഗവണ്‍മെന്റും പോലീസും ഇവിടെയുണ്ട്. നിങ്ങള്‍ക്ക് സത്യസന്ധമായി ധൈര്യത്തോടുകൂടി നിങ്ങള്‍ കാണുന്ന ഓരോ അഴിമതികളും നിങ്ങള്‍ക്ക് തുറന്നു കാണിക്കാന്‍ പറ്റണം. മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കണം. അതിനു നിങ്ങള്‍ മുന്നിലേക്ക് നില്‍ക്കണം. അതിനുള്ള എല്ലാ ഉറപ്പും ഈ ഗവണ്‍മെന്റും പോലീസും ഇതിന്റെ കൂടെയുള്ള എന്നെക്കൊണ്ടാകുന്ന രീതിയില്‍ ഞാനും ചെയ്യുന്നതാണ്,’ നിവിന്‍ പറഞ്ഞു.

ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് വിജിലന്‍സ് കമാന്‍ഡോ ഇനിഷ്യേറ്റീവ് എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളില്‍ ഇന്ന് (ജൂലൈ 29, ബുധന്‍) നടന്ന ചടങ്ങില്‍ ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു.

നിവിന്‍ പോളി അഴിമതിക്കെതിരായ പ്രതിജ്ഞ യുവാക്കള്‍ക്ക് ചൊല്ലിക്കൊടുത്തു. കേരള ഗവര്‍ണറുടെ സെക്രട്ടറി ഡോ. കെ വാസുകി മുഖ്യാതിഥിയായിരുന്നു.ഡി.ജി.പി യും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം പദ്ധതി വിശദീകരണം നടത്തി.

Content Highlight: Nivin Pauly’s Speech at Project Zero launch about youth accountability and corruption


റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.