സര്‍വ്വം മായയുടെ വമ്പിച്ച വിജയത്തോടെ തന്റെ തുടര്‍ച്ചയായ പരാജയങ്ങളുടെ പടുകുഴിയില്‍ നിന്നും കരകയറിയ അഭിനേതാവാണ് നിവിന്‍ പോളി. എന്നാല്‍ പിന്നാലെ പുറത്തിറങ്ങിയ ബേബി ഗേളിലൂടെ പഴയ പാതയിലേക്ക് തന്നെ താരം തിരിച്ചുപോകുകയും ചെയതിരുന്നു. അടുത്തത് എന്താവുമെന്ന് ആരാധകര്‍ നോക്കിയിരിക്കെയാണ് മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനൊപ്പമുള്ള അടുത്ത ചിത്രം പ്രതിച്ഛായയുടെ ട്രെയ്‌ലര്‍ പുറത്തുവരുന്നത്.
ഇപ്പോഴിതാ മാര്‍ച്ച് 26 ന് ചിത്രം പുറത്തിറങ്ങുമെന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വമ്പന്‍ ചിത്രങ്ങളുടെ റിലീസിനിടയില്‍ ചിത്രം എന്ന് പുറത്ത് വരുമെന്ന കാര്യത്തില്‍ അനിശ്ചിതത്ത്വത്തിലായിരുന്നു. വമ്പന്‍ ഹൈപ്പിലെത്തുന്ന ആട് 3യും ധുരന്ധര്‍ 2 വും മാര്‍ച്ച് 19 ന് തിയേറ്ററിലെത്തുന്ന സാഹചര്യത്തിലാണ് മാര്‍ച്ച് 26 ന് തിയ്യതി നിശ്ചയിച്ചതെന്നാണ് സിനിമാ പേജുകള്‍ നല്‍കുന്ന സൂചന.
അതേസമയം ഏപ്രിലിലേക്ക് റിലീസ് നിശ്ചയിച്ചാല്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹൈപ്പേറിയ ചിത്രമായ ദൃശ്യം 3യുടെയും വാഴ 2 വിന്റയും റിലീസില്‍ പ്രതിച്ഛായ മുങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്നും പലരും വിലയിരുത്തുന്നു, ഈ സാഹചര്യം മുന്നില്‍ കണ്ടായിരിക്കണം രണ്ട് തിയ്യതികള്‍ക്കും ഇടയിലുള്ള ഡേറ്റ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കണ്ടെത്തിയതെന്നും പലരും അഭിപ്രായപ്പെടുന്നു.
A father’s legacy.
A son’s destiny.#Prathichaya arrives in cinemas on March 26.
മോഹന്‍ലാലിനെ നായകനാക്കി ആറാട്ടും മമ്മൂട്ടിയെ നായകനാക്കിയുള്ള ക്രിസ്റ്റഫറുമാണ് ബി. ഉണ്ണികൃഷ്ണന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രങ്ങള്‍ എന്നുള്ളത് നിവിന്‍ പോളി ആരാധകരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നുണ്ട്. വലിയ ഹൈപ്പിലെത്തിയ ചിത്രമായ ആറാട്ട് മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിലൊന്നായിരുന്നു. ഇതേ അവസ്ഥ നിവിന് ഉണ്ടാവരുതെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.
എന്നാല്‍ നേരത്തേ പുറത്തുവന്ന ട്രെയ്‌ലര്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് നല്‍കുന്നത്. നിവിന്റെ കരിയറില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത പൊളിറ്റിക്കല്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ഒരിടവേളക്ക് ശേഷം ബാലചന്ദ്ര മേനോന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നതിന് പുറമെ ഷറഫുദ്ദീന്‍, മണിയന്‍പിള്ള രാജു, ഹരിശ്രീ അശോകന്‍, നീതു കൃഷ്ണ, ആന്‍ അഗസ്റ്റിന്‍, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Nivin Pauly’s New Film Prathichaya to release on March 26
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.