ഹിന്ദിയില്‍ നിന്ന് അവസരങ്ങള്‍ വരുന്നുണ്ട്; അവിടെയും എനിക്കിതേ പോളിസി തന്നെയാണ്: നിത്യ മേനന്‍
Malayalam Cinema
ഹിന്ദിയില്‍ നിന്ന് അവസരങ്ങള്‍ വരുന്നുണ്ട്; അവിടെയും എനിക്കിതേ പോളിസി തന്നെയാണ്: നിത്യ മേനന്‍
ഐറിന്‍ മരിയ ആന്റണി
Saturday, 14th February 2026, 10:04 pm

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ മേനന്‍. ആകാശഗോപുരം എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നിത്യ മലയാളത്തിലും അന്യഭാഷകളിലുമായി മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് താരം സജീവമായുള്ളത്.

തിരുച്ചിത്രമ്പലം, തലൈവന്‍ തലൈവി, അടുത്ത് വന്ന ഇഡ്ഡലി കടൈ എന്നിങ്ങനെ കൈ നിറയെ സിനിമകളുമായി നിത്യ ഇന്‍ഡസ്ട്രിയില്‍ തന്റെ കരിയര്‍ തുടങ്ങുകയാണ്. ഇപ്പോഴിതാ മഹിളാരത്‌നം മാഗസിനുമായുള്ള അഭിമുഖത്തില്‍ വളരെ സെലക്ടീവായിയാണോ സിനിമകള്‍ ചെയ്യുന്നതെന്ന് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നടി.

എല്ലാവരും പറയുന്നത് തമിഴിലെ കാര്യമാണെന്നും നാല് തെന്നിന്ത്യന്‍ ഭാഷകളില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്നും നിത്യ പറയുന്നു.

‘ഈ ഭാഷാ സിനിമാരംഗത്തെല്ലാം തന്നെ ‘നിങ്ങള്‍ എന്തുകൊണ്ട് ഞങ്ങളുടെ ഭാഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല’ എന്നുചോദിക്കും. ഞാന്‍ വളരെ സെലക്ടീവായി തന്നെയാണ് സിനിമ ചെയ്യുന്നത്. ഒരു കഥ കേട്ടയുടന്‍ തന്നെ എന്നെ ഇംപ്രസ് ചെയ്യണം, തീര്‍ച്ചയായും മിസ് ചെയ്യരുത് എന്ന് തോന്നുന്ന കഥ കള്‍ക്ക് ഞാന്‍ ഓക്കെ പറയും.

ഹിന്ദിയില്‍ നിന്നും ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. അവിടേയും ഇതേ പോളിസി തന്നെയാണ് എനിക്ക്. എന്നെ സംബന്ധിച്ചിടത്തോളം ഭാഷാവ്യത്യാസം നോക്കാറില്ല. എല്ലാ ഭാഷയും ഒന്നുതന്നെയാണ് എനിക്ക്.
എല്ലാ ഭാഷയും നന്നായി സംസാരിക്കും എന്നതിനാല്‍ ഭാഷാ പ്രശ്‌നം എനിക്കില്ല,’ നിത്യ മേനോന്‍ പറയുന്നു.

ഒരു കഥ കേള്‍ക്കുമ്പോള്‍, ആ കഥ എന്താണ് പ്രതീക്ഷിക്കുന്നത്, ആ പ്രതീക്ഷയ്‌ക്കൊത്ത് എത്രത്തോളം മനോഹരമായി അഭിനയിക്കാനാവും എന്ന് ആലോചിക്കാറുണ്ടെന്നും ആ സിനിമയില്‍ ആരൊക്കെയാണുള്ളത്, പ്രതിഫലം എന്താണ്, എന്നൊന്നും നോക്കാറില്ലെന്നും നിത്യ പറഞ്ഞു.

ഒന്നും താന്‍ പ്ലാനിങ്ങോടെ ചെയ്യുന്നതല്ലെന്നും കഥയില്‍ തന്നെക്കൊണ്ട് എന്തുചെയ്യാന്‍ കഴിയും എന്നതില്‍ മാത്രമേ ശ്രദ്ധ ചെലുത്തുകയുള്ളൂവെന്നും നടി കൂട്ടിച്ചേര്‍ത്തു. തനിക്ക് അംഗീകാരം കിട്ടുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും നിത്യ പറഞ്ഞു.

ടി.കെ രാജീവ് കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കോളാമ്പിയാണ് നിത്യയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ മലയാള ചിത്രം.

Content highlight: Nithya Menen talks about her choice of films

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.